തിരുവനന്തപുരം: തുടരെയുള്ള അറ്റകുറ്റപ്പണികളും അധികൃതരുടെ ശ്രദ്ധയില്ലായ്മയും കാരണം തകർന്ന് തരിപ്പണമായിരിക്കുകയാണ് തിരുവനന്തപുരം പേട്ടയിലെ ചായക്കുടി ലെയ്ൻ റോഡ്. ഏതാണ്ട് 100 മീറ്ററിനുള്ളിൽ വരുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. വാഹന ഗതാഗതത്തിന് പുറമേ ഈ വഴിയിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. പലയിടത്തായി ടാറിളകി കല്ലും മണ്ണും നിറഞ്ഞ റോഡിൽ അപകടകരമായ കുഴികളും നിരവധിയാണ്. കൂടാതെ അസഹ്യമായ പൊടിയും പ്രദേശവാസികളെയും യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. മഴക്കാലമായാൽ ഈ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും. നിലവിൽ ചായക്കുടി ലെയ്‌നിലെ ഡ്രെയിനേജ് നവീകരണത്തിന്റെ ഭാഗമായി ഇടവഴികൾ കുഴിച്ച് ഭൂമിക്കടിയിൽ ഓട സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കോരിമാറ്റുന്ന മണ്ണ് റോഡിന്റെ വശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ മൺകൂനകളും രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ അറിഞ്ഞിട്ടും ബന്ധപ്പെട്ടവർ ഗൗനിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്.
 പാലം റെഡി; പക്ഷേ റോഡ് റെഡിയല്ല
പാർശ്വഭിത്തി നവീകരണത്തിന്റെ ഭാഗമായി 2021 ആഗസ്റ്റ് മുതൽ നവംബർ വരെ പേട്ട പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. പണിപൂർത്തിയായി പാലം 'റെഡി"യായെങ്കിലും പാലത്തിന് സമീപം വെട്ടിപ്പൊളിച്ച ഇടറോഡ് ഇപ്പോഴും പൊളിഞ്ഞുകിടക്കുകയാണ്. പാലത്തിന് ഭീഷണിയായിനിന്ന മരം മുറിച്ചുമാറ്റിയെങ്കിലും റോഡ് പഴയപടിയാക്കാൻ അധികൃതർ തുനിഞ്ഞില്ല. മുൻകാലങ്ങളിൽ ടാറിട്ട് ഗതാഗതയോഗ്യമാക്കിയിരുന്ന ഈ ഇടറോഡ് ഇപ്പോൾ വെട്ടിപ്പൊളിച്ചും മാലിന്യം നിറഞ്ഞതുമായ അവസ്ഥയിലാണ്. നിരവധിപ്പേർ ആശ്രയിച്ചിരുന്ന ഈ റോഡ് ഉടൻ പഴയ അവസ്ഥയിലാക്കണമെന്നാണ് പൊതുജനാവശ്യം.