വർക്കല: ഇടവ ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുതല ആസൂത്രണസമിതിയുടെ യോഗമാണ് പദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്തംഗങ്ങളടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്ത യോഗം പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷനും ഇടവ സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ജെ.ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.അബ്ദുൽറബ്ബ്, ജി.സരസാംഗൻ, എം.സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ.രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഹർഷാദ്സാബു, വി.സതീശൻ, സി.ബിന്ദു, മെമ്പർമാരായ ആർ.ജെസി, പുത്ത്ലിഭായി,എം.മുരളീധരൻ, എസ്.ശ്രീദേവി, മുൻമെമ്പർ പി.സി.ബാബു, ആസൂത്രണസമിതി അംഗം ദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെൽജിത് ജീവൻ, അസി. സെക്രട്ടറി എസ്.ഗോപകുമാർ, ഹരികൃഷ്ണൻ.കെ.ജി, പദ്ധതിയുടെ കോ-ഓർഡിനേറ്റർ അരുൺലാൽ, ശാസ്ത്രസാഹിത്യ പരിഷത് ജില്ലാസമിതി അംഗം ടി.കുമാർ എന്നിവർ സംസാരിച്ചു.
വയോജനങ്ങൾക്കായി വെൽനസ് സെന്റർ സ്ഥാപിക്കാനും യോഗ ചെയ്യുന്നതിനും കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യമൊരുക്കാനും ആംബുലൻസ് ഉൾപ്പെടെ വാഹനസൗകര്യം നൽകുന്നതിനും നിർദ്ദേശങ്ങളുണ്ട്. ആശ, അങ്കണവാടി, പാലിയേറ്റീവ് കെയർ, കുടുംബാരോഗ്യകേന്ദ്രം, സി.ഡി.എസ് പ്രവർത്തകർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വോളന്റിയർമാർ തുടങ്ങിയവരായിരിക്കും പദ്ധതിയുടെ നടത്തിപ്പുകാർ. ഇവർക്കെല്ലാം ഇതിനായി പ്രത്യേകം പരിശീലനവും നൽകും.