
തിരുവനന്തപുരം: ആകാശവാണിയുടെ അനന്തപുരി എഫ്.എം നിറുത്തലാക്കിയത് ഭാഷാവിരുദ്ധമായ നടപടിയാണെന്നും തെറ്റുതിരുത്തണമെന്ന് സർക്കാർ പ്രസാർഭാരതിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. വി.കെ. പ്രശാന്താണ് സബ്മിഷനായി വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. ഭാഷാപരവും സാംസ്‌കാരികവുമായി മലയാളിക്ക് പ്രിയപ്പെട്ടതെല്ലാം ഇല്ലായ്മ ചെയ്യപ്പെടുകയോ പിൻവലിക്കപ്പെടുകയോ ആണ്. അനന്തപുരി എഫ്.എം നിറുത്തിയതിനെത്തുടർന്ന് പ്രതിഷേധമുണ്ടായപ്പോൾ കണ്ണിൽ പൊടിയിടാൻ ചെറിയ മാറ്റങ്ങൾ വരുത്തി. പരിപാടികളുടെ സ്വഭാവം കേരളീയരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ സ്ഥിതിയിൽ തന്നെ നിലനിറുത്തി. സാർവദേശീയമായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് കേരള സംസ്‌കാരം. ഏതെങ്കിലും സർവെയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.