
കാട്ടാക്കട: കൊവിഡ് നിയന്ത്രങ്ങളിൽ അയവ് വരുത്തി സ്‌കൂളുകൾ തുറന്നതോടെ മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സി യാത്ര വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും ദുരിതമായി. സ്‌കൂൾ തുറന്നതോടെ ബസിനെ ആശ്രയിച്ചു മാത്രം യാത്ര ചെയ്യുന്ന സർക്കാർ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ തിരക്കായിരുന്നു അധികവും.
കാട്ടാക്കടയിൽ മാർക്കറ്റ് കൂടുന്ന ദിവസങ്ങളിൽ സാധാരണ യാത്രക്കാരെ കൂടാതെ മാർക്കറ്റിലേക്ക് വരുന്ന ചെറു കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെ തിരക്കും വർദ്ധിക്കും.
ഈ സാഹചര്യങ്ങളിൽ രാവിലെയും വൈകിട്ടും ബസുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാകും. ഇതുകാരണം വഴിയോരത്തും ബസ് സ്റ്റാൻഡിലും ഒക്കെ മണിക്കൂറുകൾ കാത്ത് നിന്നാലും സമയത്തിന് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥ.
ക്ലാസ് തുടങ്ങുന്നതിന് മുൻപ് സ്‌കൂളിലും വൈകിട്ട് ഇരുട്ടുന്നതിനു മുൻപ് സ്‌കൂളും ട്യൂഷനും കഴിഞ്ഞ് വീട്ടിലെത്താനും കുട്ടികൾ നന്നേ പാടുപെട്ടു. വയോധികരും അംഗപരിമിതരും ഉൾപ്പെടെ കാത്തുനിന്നു മടുത്തു. ബസ് വരുമ്പോൾ തിരക്കിൽ പെട്ട് കയറാനാകാതെ മാറി നിൽക്കേണ്ട സാഹചര്യമായിരുന്നു. വീണ്ടും മണിക്കൂറുകൾ കാത്തിരുന്നാണ് വല്ല വിധേനയും ഇവർ വീടുകളിൽ എത്തിപ്പെടുന്നത്.
യാത്രക്കാരെ വലയ്ക്കുന്നു
ആശുപതികളിൽ ചികിത്സാർത്ഥം എത്തിയ വയോധികർ ഉൾപ്പെടെയുള്ളവർക്കും ദുരിതമായിരുന്നു. ബസുകളുടെ കുറവിൽ രാവിലെയും വൈകുന്നേരവും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും നന്നേ വലഞ്ഞു. 43 ഷെഡ്യൂളായിരുന്ന കാട്ടാക്കട ഡിപ്പോയിൽ തിങ്കളാഴ്ച 46 മുതൽ 47സർവീസ് വരെ പ്രവർത്തിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ആളുകൾ തീരെയില്ലാത്ത സമയത്തുള്ള സർവീസുകളെ യാത്രക്കാർ കൂടുതലുള്ള സമയത്തേക്ക് ക്രമീകരിച്ചില്ല എന്ന ആരോപണം ഉണ്ട്.
ആരോപണം ഏറെ
കൊവിഡ് നിയന്ത്രണങ്ങൾ വന്നതും ബസുകൾ പാർക്കിംഗിന്റെ പേരിൽ പിടിച്ചുകൊണ്ട് പോയതും കണ്ടക്ടറുടെ കുറവുമാണ് അധികൃതർ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും കാട്ടാക്കട, പൂവച്ചൽ, പേയാട്, നെയ്യാർ ഡാം, വെള്ളനാട്, കുറ്റിച്ചൽ, വിളപ്പിൽശാല, മലയിൻകീഴ്, നാരുവാമ്മൂട്, ആര്യനാട് തുടങ്ങി നഗരത്തിലേക്കും പോയിവരുന്ന കുട്ടികൾക്കു ആവശ്യമായ സൗകര്യം ഒരുക്കാനും കാട്ടാക്കട ബസ് ഡിപ്പോയിൽ നിന്ന് പ്രവർത്തിക്കുന്ന ബസുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ഉൾപ്പെടെ വ്യക്തമായ വിവരം ചീഫ് ഓഫീസിൽ അറിയിച്ചു വേണ്ട നടപടി സ്വീകരിക്കാൻ കാട്ടാക്കട ഡി.ടി.ഒ കാട്ടിയ അലംഭാവവുമാണ് ആളുകളെ വലച്ചതെന്നാണ് ആരോപണം.
മലയോര മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമായി കൊറോണ തരംഗം മൂർദ്ധന്യാവസ്ഥയിലുണ്ടായിരുന്ന സമയത്ത് വിവിധ ഇടങ്ങളിലേക്ക് മാറ്റിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും തിരികെ കൊണ്ടുവരികയും സ്‌കൂൾ ഓഫീസ് സമയങ്ങളിൽ പ്രവർത്തിപ്പിക്കാനായി അധിക ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.