
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആറ് രാഷ്ട്രീയകൊലപാതകങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിൽ രണ്ടു കേസുകളിൽ വീതം എസ്.ഡി.പി.ഐയും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരും പ്രതികളാണ്. ഇടുക്കി ധീരജ് വധക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന കൊലപാതകത്തിൽ ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാർച്ചുമുതൽ 2022 ജനുവരി 31വരെ 844.12 കോടി ലഭിച്ചു. ഫെബ്രുവരി 14വരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 941.54 കോടി ചെലവിട്ടു.
യോഗിക്ക് മറുപടി
കേരളത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. രണ്ടുസംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് ഒരു മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ല. വിവിധ മേഖലകളിൽ കേരളത്തിന്റെ നേട്ടങ്ങൾ അഖിലേഷിനെപോലുള്ള നേതാക്കൾപോലും അംഗീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശും കേരളവും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. ഒരുപാട് തലങ്ങളിൽ കേരളം സമാനതകളില്ലാത്ത ഉയർച്ചയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.