
തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാൻ വൈകിച്ച് ഗവർണർ ആശങ്കയുണ്ടാക്കിയെങ്കിലും നിയമസഭയിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ആദ്യദിവസം ഗവർണറെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഭരണപക്ഷം. പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഭരണപക്ഷാംഗങ്ങൾ ആരും അത് ഏറ്റുപിടിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ പൊതുവായി മറുപടി നൽകിയത് സി.പി.എം അംഗം എ.എൻ. ഷംസീർ മാത്രമാണ്. ഗവർണറെ വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ല. രാജ്യത്ത് 132 തവണയാണ് ഗവർണർ അധികാരം ദുരുപയോഗം ചെയ്തിട്ടുള്ളത്. അതിൽ 93ഉം കോൺഗ്രസ് നടത്തിയിട്ടുള്ളതാണ്. ഗവർണർക്ക് രാഷ്ട്രീയം പാടില്ലെന്ന സർക്കാരിയാ കമ്മിഷൻ ശുപാർശ പലതവണ ലംഘിച്ചിട്ടുള്ള കോൺഗ്രസ് രാജ്ഭവൻ രാഷ്ട്രീയത്തെക്കുറിച്ച് പറയരുതെന്നാണ് ഷംസീർ പറഞ്ഞത്.
നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണറുടെ സമ്മർദ്ദതന്ത്രവും മുഖ്യമന്ത്രിയുടെ അനുരഞ്ജനവും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം ചർച്ചയ്ക്ക് തുടക്കമിട്ടത്. കഴിഞ്ഞ സർക്കാർ നടത്തിയ ജനക്ഷേമ പദ്ധതികളുടെ അംഗീകാരമാണ് ഇടതുമുന്നണിക്ക് ലഭിച്ച ഭരണത്തുടർച്ചയെന്ന് നന്ദി പ്രമേയം അവതരിപ്പിച്ച ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് സി.പി.എം, ബി.ജെ.പി ഒത്തുകളിയാണെന്നും ഗവർണറുമായും കാണിക്കുന്നത് അതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് യോഗി മാനിയാക് സിൻഡ്രോം ആണെന്ന് എ.എൻ. ഷംസീർ പരിഹസിച്ചു. കേരളത്തെ വിമർശിക്കുന്നതാണിതിന്റെ ലക്ഷണം.