
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി എനിക്കൊപ്പം നിന്ന് പ്രവർത്തിച്ചവർക്ക് കൂടിയുള്ളതാണ് ഈ പുരസ്കാരത്തിന്റെ അംഗീകാരം.റവന്യു വകുപ്പിന്റെ മികച്ച കളക്ടർക്കുള്ള അവാർഡ് ലഭിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു കളക്ടറായ നവ്ജ്യോത് ഖോസ. എന്നെയും തിരുവനന്തപുരം കളക്ടറേറ്റിനെയും ഇത്തരം ഒരു പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിന്റെ നന്ദി അറിയിക്കുന്നു.കൊവിഡ് പോലുള്ള മഹാമാരിക്കാലത്തും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി, കളക്ടറേറ്റിലെ സേവനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ പരിശ്രമിച്ച എല്ലാ ജീവനക്കാർക്കും കൂടിയുള്ളതാണ് ഈ പുരസ്കാരം.കൊവിഡ് പ്രതിരോധപ്രവർത്തനം,ഒപ്പം ഞങ്ങളുടെ ചുമതലകൾ അങ്ങനെ ഇരട്ടി ജോലിയായിരുന്നു എല്ലാവരും നോക്കിയത്.കൊവിഡ് രൂക്ഷമായിരുന്ന സമയത്തും അതിനു സമാനമായി തന്നെ വികസന പ്രവർത്തനങ്ങളും നടത്താനും,പ്രത്യേകിച്ച് രണ്ടാം തരംഗത്തിനു ശേഷം എല്ലാം മികച്ച രീതിയിൽ പുരോഗതി നേടാനും കഴിഞ്ഞു.എല്ലാ ഉദ്യോഗസ്ഥർക്കും മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള മനോഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം നമ്മുടെ വർക്കുകളിലും കാണാൻ കഴിയും.ഇത്തരമൊരു പുരസ്കാരം നമുക്ക് പ്രചോദനമാകുന്നതിനൊപ്പം കൂടുതൽ ഉത്തരവാദിത്തവും ഏൽപ്പിക്കുകയാണ്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ജില്ലയിലെ മറ്റു മന്ത്രിമാരുമൊക്കെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.കൊവിഡ് കാലത്തെ സേവനങ്ങൾ കൂടി പരിഗണിച്ച് കിട്ടിയ അവാർഡായതിനാൽ ഇരട്ടി സന്തോഷമുണ്ട്. ഞാൻ ചാർജെടുത്ത 2020 ജൂണിൽ തന്നെ കൊവിഡ് കാരണം വാർ റൂം ഒരുക്കേണ്ടിവന്നു. അന്നു മുതൽ 24 മണിക്കൂറും ജോലി നോക്കിയ വോളന്റിയർമാർ ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വിഭാഗങ്ങളെല്ലാം ഒപ്പം നിന്ന് ജോലി നോക്കി. ടീം വർക്കായിരുന്നു.
2012 ഐ.എ.എസ് ബാച്ചിൽ തൃശൂർ അസിസ്റ്റന്റ് കളക്ടറായാണ് ഡോ.നവ്‌ജ്യോത് ഖോസ സിവിൽ സർവീസ് സേവനം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ്കളക്ടർ, ഭക്ഷ്യസുരക്ഷ കമ്മീണർ, കെ.എം.സി.എൽ എംഡി, ആയൂഷ് സ്റ്റേറ്റ് മിഷൻ ഡയറക്ടർ തുടങ്ങിയ ചുമതലകളിലും മികച്ച സേവനം കാഴ്ചവച്ചു. 2020 ജൂൺ 1നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ഡോ.നവ്‌ജ്യോത് ഖോസ ചുമതലയേൽക്കുന്നത്. പഞ്ചാബാണ് സ്വദേശം.