
തിരുവനന്തപുരം: പ്രാദേശികതലത്തിലെ ട്രേഡ് യൂണിയൻ , സർവീസ് സംഘടനകളുടെ രാഷ്ട്രീയ മുഷ്കും സമരരീതികളും കേരളത്തിലെ നിക്ഷേപ, തൊഴിൽ സൗഹൃദാന്തരീക്ഷത്തിന് മങ്ങലേല്പിക്കുന്നത് ഭരണനേതൃത്വത്തിന് തലവേദനയാകുന്നു. കണ്ണൂർ ജില്ലയിലെ മാതമംഗലത്ത് സി.ഐ.ടി.യു നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികൾ നടത്തിവന്ന കടപൂട്ടിക്കൽ സമരം ഒത്തുതീർപ്പാക്കിയെങ്കിലും, കോഴിക്കോട് ജില്ലാ കളക്ടറെ എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ കൂട്ടസ്ഥലംമാറ്റത്തിന്റെ പേരിൽ ഉപരോധിച്ചത് പ്രശ്നമായി. കെ.എസ്.ഇ.ബിയിൽ വരുത്തിയ തൊഴിൽപരിഷ്കാരങ്ങളുടെ പേരിൽ ചെയർമാനെതിരെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകൾ പരസ്യപ്രതിഷേധവുമായി ഇറങ്ങിയതാണ് മറ്റൊരു വിവാദം.
കേരളം നിക്ഷേപസൗഹൃദമാണെന്ന് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ആവർത്തിക്കുമ്പോഴാണ് കണ്ണൂർ മാതമംഗലത്ത് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ യുവാവിന്റെ സംരംഭത്തിനെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ ഉപരോധം തീർത്തത്. കടയുടമ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു സമരം. പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ പിന്തുണയോടെ നടന്ന സമരത്തിനൊടുവിൽ കടയുടമയുമായി കൊമ്പുകോർക്കുകയും കട പൂട്ടിക്കുകയുമായിരുന്നു. ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഒത്തുതീർപ്പായെങ്കിലും, കേരളത്തിന്റെ പ്രതിച്ഛായക്ക് അത് മങ്ങലേല്പിച്ചത് സർക്കാരിന് ക്ഷീണമായി.
എന്നാൽ, തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയതിനെതിരെയായിരുന്നു സമരമെന്നാണ് സി.ഐ.ടി.യു വാദം.. ലോറിയിൽ വരുന്ന വലിയ സാധനങ്ങൾ പൂളിലുള്ള തൊഴിലാളികൾ ഇറക്കാനും സ്ഥാപനത്തിൽ നിന്ന് കയറ്റുന്ന സാധനങ്ങൾ സ്ഥാപനത്തിലെ കാർഡുള്ള തൊഴിലാളികളും ചെയ്യാനുമാണ് ഉണ്ടായ ധാരണ. പാർട്ടി പ്രാദേശികനേതൃത്വത്തിന്റെ അറിവോടെ നടന്ന സമരത്തെ തള്ളിപ്പറയാനും സി.പി.എമ്മിനാകാത്ത സ്ഥിതിയാണ്. ഒറ്റപ്പെട്ട സംഭവമായി വിഷയത്തെ ലഘൂകരിക്കാനാണ് സി.പി.എം ശ്രമം.
കോഴിക്കോട് കളക്ടറേറ്റിൽ സി.പി.എം, സി.പി.ഐ സംഘടനാനേതൃത്വങ്ങൾ തമ്മിലെ തർക്കമാണ് സമരത്തിന് മൂലകാരണം. റവന്യുവകുപ്പിന്റെ അധീനതയിലുള്ള കളക്ടറേറ്റിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സി.പി.ഐ അനുകൂല ജോയിന്റ് കൗൺസിലാണ്. അതിനാലാണ് സി.പി.എം അനുകൂല എൻ.ജി.ഒ യൂണിയൻകാർക്ക് കൂട്ട സ്ഥലംമാറ്റമുണ്ടായത്.
കെ.എസ്.ഇ.ബിയിൽ ചെയർമാനെ കൂടെ നിറുത്തി ജനതാദൾ-എസ് പ്രതിനിധിയായ മന്ത്രി കരുക്കൾ നീക്കുന്നുവെന്നാണ് വിമർശനം. ചെയർമാന്റെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണമെന്നത് പോലുള്ള അഹങ്കാരപ്രകടനം സർക്കാരിനും ഭരണനേതൃത്വത്തിനും നാണക്കേടുമായി.