
തീരുമാനം കൗൺസിൽ യോഗത്തിൽ
തിരുവനന്തപുരം: ആസൂത്രണ ബോർഡ് മാതൃകയിൽ നഗരസഭയിൽ ആസൂത്രണ സെൽ രൂപീകരിക്കുന്നു. ദീർഘകാല പദ്ധതികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടിയാണ് ആസൂത്രണ സെൽ രൂപീകരിക്കുന്നത്. നഗരാസൂത്രണം, എൻജിനിയറിംഗ്, റവന്യൂ, ആരോഗ്യം, സത്ഭരണം, പേഴ്സണൽ മാനേജ്മെന്റ് എന്നീ പ്രവർത്തന മേഖലകളിൽ സെല്ലിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. സിവിൽ എൻജിനിയറിംഗ്, ആർക്കിടെക്‌ട്, അർബൻ മാനേജ്മെന്റ്, പേഴ്സണൽ മാനേജ്മെന്റ്, എൻവയൺമെന്റൽ എൻജിനിയറിംഗ്, സാനിട്ടറി എൻജിനിയറിംഗ്, അക്കൗണ്ടന്റ്, ഐ.ടി വിദഗ്ദ്ധർ തുടങ്ങിയ പ്രൊഫഷണലുകളെ ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ സെല്ലിൽ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു. സി. ജയൻബാബു മേയറായിരിക്കെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2006ൽ രൂപം നൽകിയ പ്രോജക്‌ട് സെക്രട്ടേറിയറ്റ് സംവിധാനത്തെ സംയോജിപ്പിച്ചാണ് സെൽ രൂപീകരിക്കുന്നത്. കാണാതായ വാഹനങ്ങൾ കണ്ടെത്തുന്നതിന് രൂപീകരിച്ച സെർച്ച് കമ്മിറ്റി കണ്ടെത്തിയ 16 വാഹനങ്ങൾ ലേലം ചെയ്യുന്നതിന് കൗൺസിൽ അനുമതി നൽകി. വിളപ്പിൽശാല ചവർ ഫാക്‌ടറി പ്രവർത്തിച്ചിരുന്ന സമയത്ത് ഹെൽത്ത് സർക്കിളുകൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കുമായി 73 വാഹനങ്ങളാണ് നൽകിയിരുന്നത്. ഫാക്‌ടറി പൂട്ടിയതിന് പിന്നാലെ ഈ വാഹനങ്ങൾ ജഗതി ഗ്രൗണ്ടിൽ സൂക്ഷിക്കുകയായിരുന്നു. മഴയും വെയിലുമേറ്റ് ഒട്ടുമിക്ക വാഹനങ്ങളും നശിക്കുകയായിരുന്നു. ഇതിൽ നിന്നാണ് 16 വാഹനങ്ങൾ കോർപ്പറേഷൻ കണ്ടെത്തിയത്. കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ശുചീകരണം വിവിധ സംഘടനകളുടെ സഹായത്തോടെ പണച്ചെലവില്ലാതെ നടത്തിയ ഭരണസമിതിയെ അഭിനന്ദിച്ച് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. സലിം പ്രമേയം അവതരിപ്പിച്ചു. അജൻഡകൾ പരിഗണിക്കാതെ പ്രമേയം ചർച്ച ചെയ്യുന്നതിനെതിരെ യു.ഡി.എഫ് അംഗവും മുല്ലൂർ വാർഡ് കൗൺസിലറുമായ ഓമന രംഗത്തെത്തി. ഇതോടെ അജൻഡകൾ പരിഗണിക്കാൻ മേയർ തീരുമാനിച്ചു. നിരത്തുകളിൽ പൊങ്കാലയർപ്പണം നടന്നാലും അടുത്ത വർഷവും പണച്ചെലവില്ലാതെ ശുചീകരണം ഏറ്റെടുക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. 2021ലെ ആറ്റുകാൽ പൊങ്കാല സമയത്ത് മാലിന്യം നീക്കാൻ 21 ടിപ്പർ ലോറികൾ വാടകയ്ക്കെടുത്തതും ഇതിനായി ലക്ഷങ്ങൾ ചെലവ് കണക്കാക്കിയതും വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഈ വർഷം പുതിയ പരീക്ഷണം.