fm

കേന്ദ്രസർക്കാരിനും പ്രസാർ ഭാരതിക്കും കത്തയച്ച് മേയർ

തിരുവനന്തപുരം:തിരുവനന്തപുരത്തുകാരുടെ സാംസ്‌കാരിക ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി മാറിയ അനന്തപുരി എഫ്.എം സ്റ്റേഷന്റെ പേരും പരിപാടികളുടെ ഉള്ളടക്കവും മാറ്റിയ ഒാൾ ഇന്ത്യാ റേഡിയോയുടെ നടപടി തിരുത്തണമെന്ന് തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോടും, പ്രസാർ ഭാരതിയോടുമാണ് നഗരസഭ ആവശ്യമുന്നയിച്ചത്. അന്തപുരി എഫ്.എം നിറുത്തലാക്കിയ നടപടി ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളകൗമുദിയായിരുന്നു. ദിവസങ്ങളോളം ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് കേന്ദ്രനടപടി. പ്രാദേശികമായ വൈവിദ്ധ്യങ്ങളും സാംസ്‌കാരിക തനിമയും കാത്തുസൂക്ഷിക്കുന്നതിനായി തുടങ്ങിയ പ്രാദേശിക എഫ്.എമ്മുകളുടെമേൽ നടത്തുന്ന ഇത്തരം കടന്നുകയറ്റം രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണെന്നും നഗരസഭ ആരോപിച്ചു.ഈ വിഷയം സംബന്ധിച്ച്‌ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർ ഭാരതി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്കും മേയർ കത്തയച്ചു.