
തിരുവനന്തപുരം: പൂവാർ- കാഞ്ഞിരംകുളം- ബാലരാമപുരം റൂട്ടിൽ സ്കൂൾ കുട്ടികൾക്കായി ഇന്നലെ ഒരു സർക്കുലർ ബസ് ഉൾപ്പെടെ 7 ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി അധികമായി ഓടിച്ചു. ഈ റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഗുഡ്സ് ഓട്ടോയിൽ കയറി പോകുന്ന ചിത്രം കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചർച്ചയായ സാഹചര്യത്തിലാണിത്.
സംഭവത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സിയുടെ ദക്ഷിണ മേഖലാ മേധാവി ജി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സ്കൂൾ കുട്ടികൾക്ക് ആവശ്യത്തിന് ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകളുടെ കുറവല്ല ഇത്തരമൊരു ചിത്രത്തിനു കാരണമെന്നാണ് കെ.എസ്.ആർ.ടി.സി അധികാരികൾ പറയുന്നത്. ഗുഡ്സ് ഓട്ടോയിൽ കുട്ടികളെ കയറ്റിയത് നിയമ പ്രകാരം തെറ്റാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കാഞ്ഞിരംകുളം - ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലെന്ന വാർത്ത അവസ്തവമാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.. ഇക്കാര്യത്തിൽ ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തിയതായും മന്ത്രി അറിയിച്ചു.