sarkara-devi-temple

ചിറയിൻകീഴ്: ശാർക്കര ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് (വ്യാഴം) തുടക്കം. മാർച്ച് 4ന് വൈകിട്ടാണ് പ്രധാന ചടങ്ങായ നിലത്തിൽപ്പോരും ദാരിക നിഗ്രഹവും . ഇന്ന് രാവിലെ 8.30നും 9നും ഇടയ്ക്ക് മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ നാലമ്പലത്തിനകത്താണ് കാളിയൂട്ടിന് കുറിക്കുന്നത്. രണ്ട് താളിയോല കുറിമാനങ്ങൾ തയ്യാറാക്കും. ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനീയൻ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ പ്രതിനിധിക്ക് കൈമാറും. അതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. രണ്ടാമത്തെ കുറിമാനം മാരാർക്ക് നൽകും.

മാർത്താണ്ഡ വർമ്മ മഹാരാജാവ് കായംകുളം രാജാവിനെ തോല്പിച്ചെത്തിയതിന്റെ സ്മരണയ്ക്കാണ് കാളിയൂട്ട്. കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.
അത്താഴ ശീവേലിക്കുശേഷം തെക്കു വശത്തെ തുളളൽ പുരയിൽ ഇന്ന് വെളളാട്ടംകളി അരങ്ങേറും. വെളള വസ്ത്രം ധരിച്ച് തലയിൽ തോർത്ത് കെട്ടി കരടികയുടെയും ചേങ്ങിലയുടെയും താളത്തോടെ നടത്തുന്ന നൃത്തരൂപമാണ് വെളളാട്ടം കളി. ഒപ്പം ദേവീസ്തുതികൾ പാടി കഥ പറയുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷം കാളിയൂട്ട് പരിമിതമായാണ് നടത്തിയത്. ഇത്തവണ ചടങ്ങുകൾ മുൻകാലങ്ങളിലേതുപോലെ നടത്തുവാൻ ദേവസ്വംബോർഡ് അനുമതി നൽകിയിട്ടുണ്ട്. മീനഭരണി മഹോത്സവത്തിനും പൂർണ ഇളവ് അനുവദിച്ചിട്ടുണ്ട്. മാർച്ച് 26നാണ് മീനഭരണി. ഉത്സവത്തോടനുബന്ധിച്ച് രണ്ടുമാസം നീളുന്ന കാർഷിക, വ്യാപാര, പ്രദർശന വിൽപ്പന മേളയും നടത്തും. ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേവസ്വം സെക്രട്ടറി ഗായത്രി ദേവി, ദേവസ്വം ബോർഡംഗം കെ.മനോജ് ചരളേൽ, ശാർക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി.ഭദ്രൻ, കിട്ടു ഷിബു, ഗിരീഷ് കുമാർ, ശാർക്കര ക്ഷേത്രം എ.ഒ ഇൻ ചാർജ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.