
ചിറയിൻകീഴ്: ശാർക്കര കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. മേൽശാന്തി പ്രേംകുമാർ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനീയൻ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ അംഗത്തിന് കൈമാറിയാണ് കുറികുറിക്കൽ ചടങ്ങ് നിർവ്വഹിച്ചത്. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇന്നലെ രാവിലെ 8.30നും 9നും ഇടയ്ക്കാണ് കാളിയൂട്ടിന് തുടക്കമായ കുറി കുറിക്കൽ ചടങ്ങുനടന്നത്. ഇതോടെ, 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി.
കാളീനാടകത്തിലെ ഓരോരോ രംഗങ്ങൾ അരങ്ങേറുന്നത് അത്താഴ ശീവേലിക്കുശേഷം ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ്. ശ്രീകോവിലിൽ നിന്ന് തുള്ളൽപ്പുരയിലെ നിലവിളക്കിലേക്ക് ദേവീ ചൈതന്യത്തെ ആവാഹിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോലത്തുള്ളൽ നടത്തുന്നു എന്നാണ് പറയപ്പെടുന്നത്. കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ടുപേർ ചുവടുവച്ച് പഴങ്കഥ പറഞ്ഞ് ആടിപ്പാടിയാണ് ഇതവതരിപ്പിക്കുന്നത്. കുറികുറിക്കൽ ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം അസി. കമ്മീഷണർ എസ്.രാജ്മോഹനൻ, ശാർക്കര ക്ഷേത്രം എ.ഒ ഇൻ ചാർജ് സുരേഷ് കുമാർ, സഹപോറ്റിമാരായ കണ്ണൻ പോറ്റി, ഈശ്വരൻ പോറ്റി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ.റ്റി.ഭദ്രൻ, അംഗങ്ങളായ എസ്.വിജയകുമാർ, മണികുമാർ, ഭദ്രകുമാർ, കിട്ടു ഷിബു, രാജശേഖരൻ, അഭിൻലാൽ, ഗിരീഷ് കുമാർ, സുധീഷ് കുമാർ, എസ്.ഷൈജു തുടങ്ങിയവർ പങ്കെടുത്തു.