kaliyoot

ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിലെ അഞ്ചാംദിനമായ ഇന്ന് തുള്ളൽപ്പുരയിൽ ഐരാണിപ്പറ പുറപ്പാട്. ദാരികനെ വധിച്ചേ തീരൂവെന്ന് മാലോകരെ നാരദൻ ബോധ്യപ്പെടുത്തുന്നതോടെ, ദേവീപ്രീതിക്കായി കാളിയൂട്ട് നടത്താൻ തീരുമാനിക്കുന്നു.
തുള്ളൽ പുരയുടെ സൂക്ഷിപ്പുകാരനായ കാവിലുടയ നായരും കാളിയൂട്ടിന്റെ സഹായികളായ പുലയരും രംഗത്തെത്തുന്നു. നാട്ടുപ്രമാണിമാർ ആലോചന തുടങ്ങുന്നു- എന്താണ് കാളിയൂട്ട്? ചിട്ടവട്ടങ്ങൾ എന്തൊക്കെ? ആരായിരിക്കണം അധികാരി? എത്ര പണം വേണ്ടി വരും? പണം എങ്ങനെ കണ്ടെത്തും? എങ്ങനെയാണ് സംഘടിപ്പിക്കേണ്ടത്? ചിന്തിച്ചു കരക്കാരും നാട്ടുപ്രമാണിമാരും ആശയക്കുഴപ്പത്തിലായി. അവസാനം അവർ പരമശിവനെ ശരണം പ്രാപിക്കുന്നു. സങ്കടം കേട്ട് പരമശിവൻ രണ്ടു ബ്രാഹ്മണരെ അയയ്ക്കുന്നു. ഓലമ്പള്ളിയെന്നും ഉഗ്രമ്പളളിയെന്നും പേരുള്ളവരാണിവർ. കാളിയൂട്ട് കളത്തിൽ ഇവർ എത്തിച്ചേരുന്നതാണ് ഇന്നത്തെ പ്രധാന വിശേഷം.കാളിയൂട്ടിന് വിത്തും പണവും സമാഹരിച്ച് ദേവിക്ക് സമർപ്പിക്കുകയാണ് ഇവരുടെ ദൗത്യം. തുടക്കത്തിൽ ഭയഭക്തിയോടെ ചുമതല നിറവേറ്റിയ ബ്രാഹ്മണർ, ധാരാളം ധനം വന്നു ചേരുന്നതോടെ അഴിമതിക്കാരായി. കരക്കാരിൽ നിന്നു ശേഖരിച്ച നെല്ലും പണവും ധൂർത്തടിക്കാൻ തുടങ്ങി. ക്ഷേത്ര കാര്യങ്ങൾ ആരെ ഏൽപ്പിച്ചാലും അവർ അതിന് പ്രാപ്തരും യോഗ്യരും ആണോയെന്ന് കരുതലോടെ നിരീക്ഷിക്കാൻ കരക്കാരെ ഓർമ്മപ്പെടുത്തുകയാണ് ഈ സംഭവത്തിലൂടെ. കഥാ വർണനയ്ക്കു ശേഷം പതിവുപോലെ ദേവീ ചൈതന്യത്തെ തിരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും.