kaliyoot

ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന്റെ ആറാം ദിനമായ ഇന്ന് ക്ഷേത്രത്തിന് തെക്കുവശത്തുളള തുളളൽപ്പുരയിൽ കണിയാരു പുറപ്പാട് അരങ്ങേറും. ദാരിക നിഗ്രഹത്തിന്റെ ആവശ്യം മനസ്സിലാക്കിയ ലോക‌ർ, കാളിയൂട്ട് നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഈ സമയം വടക്കുനിന്ന് നനയരും കാന്തരും എന്ന പേരിലുള്ള ജ്യോത്സ്യ സഹോദരന്മാർ കാളിയൂട്ട് നടക്കുന്ന സ്ഥലത്തെത്തുന്നു. ഇവരിലൂടെയാണ് കഥ നീങ്ങുന്നത്.

തുള്ളൽപ്പുരയും ക്ഷേത്രപരിസരവും മലിനവും ബാധ ഉപദ്രവം ഏറ്റിട്ടുള്ളതാണെന്നും അത് ഒഴിപ്പിക്കണമെന്നും അല്ലെങ്കിൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്നും ജ്യോത്സ്യന്മാർ അറിയിക്കുന്നു. കരക്കാരും നാട്ടുപ്രമാണിമാരും ജ്യോത്സ്യന്മാരോടുതന്നെ പ്രതിവിധി അന്വേഷിക്കുന്നു. ദുരാഗ്രഹികളായ ഈ ജ്യോത്സ്യന്മാരുടെ നിർ‌ദ്ദേശപ്രകാരം മലവേലന്മാരെ വരുത്തി ശുദ്ധികലശം നടത്താനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. മലവേലന്മാർക്ക് ഇത്തരത്തിലുള്ള അവസരം ഒപ്പിച്ചുകൊടുത്തതിന് പാരിതോഷികമായി അവർക്ക് കിട്ടിയ പണത്തിന്റെ ഒരു പങ്ക് ജ്യോത്സ്യന്മാർക്ക് നൽകുന്നു. അങ്ങനെ കണിയാന്മാരും മലവേലന്മാരും ചേർന്ന് കരക്കാർ സമ്പാദിച്ചതിന്റെ നല്ലൊരു ശതമാനവും കൈക്കലാക്കി. കണിയാന്മാരുടെ വാക്കുകൾ വിശ്വസിച്ച് സമ്പാദ്യത്തിന്റെ നല്ലൊരുഭാഗവും അനാവശ്യ മാർഗത്തിനായി ചെലവഴിക്കുന്നവരെ പരോക്ഷമായി കളിയാക്കുകയാണ് ഇന്നത്തെ കഥയിലൂടെ. തുള്ളൽപ്പുരയിൽ വെള്ളാട്ടം കളി, കുരുത്തോലയാട്ടം എന്നിവയ്ക്കുശേഷമാണ് ഇന്നത്തെ രംഗം അരങ്ങേറുക.