
2008ൽ പുറത്തിറങ്ങിയ 'മാടമ്പി' സിനിമയിൽ ''അമ്മ മഴക്കാറിനു കൺനിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു...'' എന്ന ഗാനരംഗം ഇപ്പോൾ കാണുമ്പോഴും എന്റെ കണ്ണുകൾ ഈറനണിയും. സ്ക്രീനിൽ കരയുന്നത് ലളിത ചേച്ചിയാണെങ്കിലും ഞാൻ എന്റെ അമ്മയെയാണ് കാണുന്നത്. ഗാനത്തിലെ ചില നിമിഷങ്ങളിലെങ്കിലും ലാലേട്ടന്റെ സ്ഥാനത്ത് ഞാൻ എന്നെ കാണും.
അതിനൊരു കാരണമുണ്ട്. ഈ ഗാനം ചിട്ടപ്പെടുത്തുമ്പോൾ എന്റെ അമ്മ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. പാട്ടിന്റെ വരികൾ എഴുതി എന്റെ കൈയിൽ തരുമ്പോൾ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു: ''ഇത് നിന്റെ അമ്മയ്ക്കുള്ള സമർപ്പണമാണ്.'' ഗിരീഷേട്ടന് എന്റെ അമ്മയെ അറിയാം. വീട്ടിൽ വന്ന് കണ്ടിട്ടുണ്ട്.
പാട്ട് ചിട്ടപ്പെടുത്തി. റെക്കോഡിംഗ് കഴിഞ്ഞശേഷം ആ ഗാനവുമായി ഞാനോടി എത്തിയത് അമ്മയെ കാണാനാണ്; ആ പാട്ട് ആദ്യമായി കേൾപ്പിക്കാൻ.
സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ ഇക്കാര്യം ലളിതചേച്ചിയോടു പറഞ്ഞു. പിന്നീടൊരിക്കൽ ചേച്ചി എന്നോടു പറഞ്ഞു 'എനിക്കറിയാം ജയന് അമ്മയോടുള്ള സ്നേഹം'. ആ ഗാനത്തിനുശേഷം ലളിത ചേച്ചിയുമായി കൂടുതൽ അടുത്തു. അമ്മ പിന്നീട് അധികകാലം ജീവിച്ചിരുന്നില്ല. പക്ഷെ, 'മാടമ്പി'യിൽ ലളിത ചേച്ചി അവതരിപ്പിച്ച ദേവകി അമ്മയെ കാണുമ്പോഴൊക്കെ ഞാനെന്റെ അമ്മയെ കണ്ടിരുന്നു.
മോഹൻലാലിന്റെ അമ്മയായി കൂടുതൽ സിനിമകളിൽ ലളിതചേച്ചി അഭിനയിച്ചിട്ടില്ല. സ്ഫടികവും ഇട്ടിമാണിയുമാണ് മാടമ്പിക്കു പുറമെ ലാലേട്ടന്റെ അമ്മയായി ലളിത ചേച്ചി അഭിനയിച്ച ചിത്രങ്ങൾ. അതിൽ മികച്ചതെന്ന് എനിക്ക് ബോദ്ധ്യമായത് മാടമ്പിയിലെ വേഷമാണ്. കാമറയ്ക്കു മുന്നിൽ അവർ ജീവിക്കുകയാണെന്നേ തോന്നൂ.