bar
f

 ​ ബാറിലേക്ക് മദ്യംവാങ്ങൽ ഓൺലൈനിൽ

 ഹെറിറ്റേജ് ഹോട്ടൽ വേർതിരിവില്ല

തിരുവനന്തപുരം: ‌ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മദ്യനയത്തിലും സമഗ്ര മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു

ത്രീ സ്റ്റാർ പദവി ലഭിച്ച ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിക്കാൻ 30 മുറികൾ ഉണ്ടാവണമെന്നാണ് പ്രധാന നിർദ്ദേശം. ഫോർ സ്റ്റാറിന് നാല്പതും ഫൈവ് സ്റ്റാറിന് അൻപതും മുറികൾ വേണം.

ഹെറിറ്റേജ് ഹോട്ടലുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കില്ല. 2023ൽ നടപ്പാക്കും. പരിമിതമായ സൗകര്യങ്ങളിൽ കൂടുതൽ മദ്യശാലകൾ വരുന്നത് തടയാനും കഴിയും. പണി പൂർത്തിയാക്കി ലൈസൻസിന് അപേക്ഷിച്ചവയ്ക്കും നിർമ്മാണം പുരോഗമിക്കുന്നവയ്ക്കും ഈ നിബന്ധന ബാധകമല്ല.

നിലവിൽ ബാറിന് 10 മുറികൾ വീതം മതി.

എല്ലാ ലൈസൻസ് അപേക്ഷകളും വെയർ ഹൗസുകളിൽ നിന്ന് ബാറുകൾക്കുള്ള മദ്യം വാങ്ങലും പൂർണമായും ഓൺലൈൻ സംവിധാനത്തിലാക്കും. കാലതാമസം ഒഴിവാക്കി കൂടുതൽ സുതാര്യമാക്കാനാണിത്. ബാറുകളിൽ നിന്ന് ഈടാക്കുന്ന ടേൺഓവർ ടാക്സ് മുൻകൂർ അടയ്ക്കുന്ന സംവിധാനം വരും. ഇപ്പോൾ മദ്യം വിറ്റശേഷമാണ് ഇത് അടയ്ക്കുന്നത്. കുടിശിക ഒഴിവാക്കുകയാണ് ലക്ഷ്യം. 10 ശതമാനം കോംപൗണ്ടിംഗാണ് ഏർപ്പെടുത്തുക. അതായത് വെയർഹൗസിൽ നിന്ന് 100 രൂപയ്ക്ക് വാങ്ങുന്ന മദ്യം ബാറിൽ 180 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ 18 രൂപ ടാക്സ് അടയ്ക്കണം.

ലൈസൻസ് ഫീസ് കൂട്ടിയേക്കില്ല

ലൈസൻസ് ഫീസ് കൂട്ടരുതെന്ന ബാറുടമകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചേക്കും. നിലവിൽ 30 ലക്ഷമാണ് പ്രതിവർഷ ലൈസൻസ് ഫീസ്.കൊവിഡ് കാരണം ബാറുകൾ അടഞ്ഞുകിടന്നതും ബിസിനസിലെ ഇടിവുമാണ് ഉടമകൾ സർക്കാരിനു മുന്നിൽ നിരത്തിയത്. മദ്യനയത്തിൽ ഫീസിന്റെ നിശ്ചിത ശതമാനം ഉയർത്തണമെന്ന് എക്സൈസ് ശുപാർശ നൽകാറുണ്ട്. ഇത് സർക്കാർ ചർച്ചചെയ്താണ് തീരുമാനമെടുക്കുക. ശുപാർശ അംഗീകരിച്ചാൽ ഫീസ് 32 ലക്ഷമായി ഉയർന്നേക്കാം. മുന്നണിയിലെ ചർച്ചകൾക്കു ശേഷമേ അന്തിമരൂപമാവൂ.

ആകെ ബാറുകൾ...665

#ത്രീസ്റ്റാർ................343

#ഫോർ സ്റ്റാർ..........265

#ഫൈവ് സ്റ്റാർ..........45

#ഹെറിറ്റേജ് .............12

`മദ്യനയത്തിന് രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. കൂടുതൽ വിദേശ മദ്യവില്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇടതു മുന്നണിയിലും ചർച്ചവേണം.

- എം.വി.ഗോവിന്ദൻ

എക്സൈസ് മന്ത്രി