balagopal

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാനത്തിന് നേരിട്ടുള്ള ബാദ്ധ്യത ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിയുടെ ചുമതലയുള്ള കെ - റെയിൽ വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സർക്കാരിന്റെ ഗാരന്റിയോടെ വായ്പ സമാഹരിക്കുന്നതിനാലാണ് ഇതെന്നും മന്ത്രി ചോദ്യോത്തര വേളയിൽ മറുപടി നൽകി.

സിൽവർ ലൈൻ പദ്ധതിത്തുകയായ 63,941 കോടിയിൽ 33, 700 കോടി ധനകാര്യ ഏജൻസികളായ എ.ഡി.ബി, ജൈക്ക, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു എന്നിവയിൽ നിന്നാണ് സമാഹരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം വഴി ഈ ഏജൻസികളെ സമീപിച്ച് ഡി. പി. ആർ സമർപ്പിച്ചിട്ടുണ്ട്. റെയിൽവേ ബോർഡ്, ധകാര്യ എക്‌സ്‌പെൻഡിച്ചർ, നീതി ആയോഗ് എന്നിവ റിപ്പോർട്ട് പരിശോധിച്ച് വായ്‌പയ്‌ക്കായി ശുപാർശ ചെയ്തിട്ടുണ്ട്. ഡി.പി.ആർ കേന്ദ്ര ധന മന്ത്രാലയം അംഗീകരിച്ച ശേഷമാണ് വായ്‌പയ്‌ക്കായി ധനകാര്യ സ്ഥാപനങ്ങൾക്ക് ശുപാർശ നൽകുന്നത്. ഇതിനുശേഷമേ ഔദ്യോഗിക ചർച്ച നടക്കൂ. വാ‌യ്‌പാ വ്യവസ്ഥകൾ അപ്പോഴേ തീരുമാനിക്കൂവെന്നും സി.എച്ച്.കുഞ്ഞമ്പു, റോജി എം.ജോൺ, സി.ആർ. മഹേഷ്, ടി.സിദ്ദിഖ്, കെ.കെ.രമ, വി.ഡി.സതീശൻ, കെ.ബാബു, മോൻസ് ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അതേസമയം വിദേശ വായ്‌പയ്‌ക്ക് കേരളം ഗാരണ്ടി നൽകിയ ഫയലിൽ ധനമന്ത്രി ഒപ്പിട്ടോ എന്ന രമേശ് ചെന്നിത്തലയുടെ ഉപചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട നികുതിവിഹിതത്തിൽ കാര്യമായ കുറവുണ്ട്. ജൂണിന് ശേഷം ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാകുന്ന സാഹചര്യത്തിൽ 10,000 മുതൽ 12,000 കോടി വരെ അധികം നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.