l

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ മേഖലകളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളോട് പ്രൈവറ്റ് ബസ് ജീവനക്കാർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് കൺസെക്‌ഷൻ നൽകാതിരിക്കുക, ബസുകളിൽ കയറ്റാതിരിക്കുക, പെൺകുട്ടികൾ അടക്കമുള്ളവരോട് മോശമായി പെരുമാറുക തുടങ്ങീ നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
ധീരജ് നഗറിൽ നടന്ന സമ്മേളനം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ആനന്ദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ നവ്യ.എസ്.രാജ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയാ പ്രസിഡന്റ് അജീഷ് ആലംകോട്, അക്ഷയ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം സി. പയസ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. നവ്യ എസ്.രാജ് (പ്രസിഡന്റ്), വിജയ് വിമൽ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.