maram

നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ തണൽമരങ്ങൾ വ്യാപകമായി മുറിയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകരടക്കമുള്ള പൊതുജനം. റോഡ് വികസനമടക്കമുള്ള പദ്ധതി പ്രവർത്തനങ്ങൾക്കായിട്ടാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള കൂറ്റൻ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നത്. പെരുങ്കടവിള മൃഗാശുപത്രിവളപ്പിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ഒരു മഹാഗണി വൃക്ഷത്തൈയും കൊന്നയിനത്തിൽപ്പെട്ട 2 വൃക്ഷങ്ങളെയുമാണ് തിങ്കളാഴ്ച പെരുങ്കടവിള മൃഗാശുപത്രി വളപ്പിൽ വച്ച് ലേലത്തിന് വച്ചിരിക്കുന്നത്. മൃഗാശുപത്രി വളപ്പിൽ ചുറ്റുമതിലിനോട് ചേർന്നാണ് മഹാഗണി വൃക്ഷം നിൽക്കുന്നത്. മരം വളർന്നതനുസരിച്ച് മതിലിന്റെ മുകൾഭാഗത്തെ കുറച്ച് ഇഷ്ടികകൾ ഇടിഞ്ഞിട്ടുണ്ട്. കോമ്പൗണ്ടിൽ ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയെ കരുതിയും മതിലിടിഞ്ഞതുമാണ് വൃക്ഷങ്ങൾ മുറിച്ച് മാറ്റാനുള്ള കാരണമായി പഞ്ചായത്തധികൃത‌ർ പറയുന്നത്. എന്നാൽ മഹാഗണി വൃക്ഷം ഇനിയും ഒരു കേടും കൂടാതെ കാലങ്ങളോളം നിലനിൽക്കുന്നതാണെന്നും നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബന്ധപ്പെട്ടവർ ഇത്തരത്തിൽ മരം മുറിക്കാൻ ഒത്താശ ചെയ്യുന്നതെന്നുമാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. വികസനത്തിന്റെ പേരുപറ‌ഞ്ഞ് ഇത്തരത്തിൽ വൃക്ഷങ്ങളുടെമേൽ കോടാലിവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.

മരം മുറി തടഞ്ഞു

ഒരു മാസം മുൻപ് പെരുങ്കടവിള പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപം പെരുങ്കടവിള വില്ലേജ് ഓഫീസിന്റെയും ഗവ.എൽ.പി.ബി.എസിന്റെയും പ്രവേശനകവാടത്തിനോടു ചേർന്ന രണ്ട് സെന്റ് സ്ഥലത്ത് വഴിയിടം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇവിടെ സ്ഥിതിചെയ്തിരുന്ന 15 വർഷത്തോളം പഴക്കമുള്ള 3 വലിയ മഹാഗണി വൃക്ഷങ്ങളും 2 ബദാം തണൽ മരങ്ങളും മുറിച്ചുമാറ്റാൻ അധികൃതർ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പരിസ്ഥിതി പ്രവർത്തകർ കോടതിയിൽ കേസ് ഫയൽചെയ്തതിനെ തുടർന്ന് മരം മുറിക്കൽ തടഞ്ഞുവച്ചിരിക്കുകയാണ്.

മുറപോലെ മരംമുറി

ഇവിടത്തെ വലിയ വൃക്ഷങ്ങളെ നിലനിറുത്തി സ്ഥലം പുനഃക്രമീകരിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോൾ അധികൃതർ ശ്രമിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് നടുതലവിളാകത്ത് നിന്ന ഒരു കൂറ്റൻ വൃക്ഷവും മുറിച്ച് മാറ്റിയിരുന്നു. വിവിധ വികസന പദ്ധതികളുടെയും വികസനത്തിന്റെയും നവീകരണത്തിന്റെയും പേരിൽ പെരുങ്കടവിള പഞ്ചായത്തിലെ ഭൂരിഭാഗം തണൽ മരങ്ങളടക്കമുള്ള കൂറ്റൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്.

പരാതി ഏറെ

മാസങ്ങൾക്ക് മുമ്പ് അമരവിള-ഒറ്റശേഖരമംഗലം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലുൾപ്പെട്ട പാതയോരത്തെ 30ഓളം വൃക്ഷങ്ങളെയാണ് വെട്ടിമാറ്റിയത്. ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. പെരുങ്കടവിള ആശുപത്രി വളപ്പിലുള്ള നിരവധി വൃക്ഷങ്ങളും മുറിച്ച് മാറ്റിയതായി വ്യാപക പരാതിയുണ്ട്.