krishnan-kutty

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഏക വരുമാനം വൈദ്യുത ചാർജ് മാത്രമാണെന്നും, ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കിയുള്ള നിരക്ക് വർദ്ധന സാദ്ധ്യമല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഭാവിയിലെ കമ്പനിയുടെ പ്രതീക്ഷിത ചെലവും വരവും തമ്മിലുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.

ബിൽ തുക മുഴുവനും വരുമാനമായി കണക്കിലെടുക്കുന്നതിനാൽ പിരിഞ്ഞുകിട്ടാനുള്ള കുടിശിക റവന്യൂ കമ്മിയിൽ പ്രതിഫലിക്കില്ല. കുടിശികയും നിരക്ക് വർദ്ധനയും തമ്മിൽ ബന്ധമില്ലെന്നും പി. ഉബൈദുള്ള, എൻ. ഷംസുദീൻ, എം.കെ. മുനീർ, കുറുക്കോളി മൊയ്‌തീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

വൈദ്യുതി ബോർഡിന് കുടിശികയായി 2771.13 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. കൂടുതൽ നൽകാനുള്ളത് ജല അതോറിട്ടിയാണ്, 1194.05 കോടി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 76.41 കോടിയും, ഗാർഹിക ഉപഭോക്താക്കൾ 394.48 കോടിയും സ്വകാര്യ സ്ഥാപനങ്ങൾ 1023.76 കോടിയും മറ്റു വിഭാഗങ്ങൾ 81.08 കോടിയുമാണ് നൽകാനുള്ളത്. സ്വകാര്യ സ്ഥാപനങ്ങളുടെ 1023 കോടിയിൽ 200 കോടി രൂപ കോടതി വ്യവഹാരത്തിലാണ്.

കെ.എസ്.ഇ.ബി സ്വകാര്യവത്കരിക്കരുതെന്നാണ് സർക്കാർ നിലപാട്. പ്രതിദിന വൈദ്യുതി ഉപഭോഗം 78.14 ദശലക്ഷം യൂണിറ്റും ശരാശരി വാർഷിക ആവശ്യകത 28,524 ദശലക്ഷം യൂണിറ്റുമാണ്. പ്രതിദിന ശരാശരി ആഭ്യന്തര ഉത്പാദനം 22.60 ദശലക്ഷം യൂണിറ്റാണ്. ക്ഷാമമുണ്ടാകാതിരിക്കാൻ സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ദീർഘ-ഹ്രസ്വകാല കരാറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.