veena-george

തിരുവനന്തപുരം: അട്ടപ്പാടിയിലെ 192 ഊരുകളിൽ 155 ഇടത്തും സാമൂഹ്യഅടുക്കള ആരംഭിച്ച് കോടികൾ ചെലവഴിച്ചിട്ടും പോഷകാഹാരക്കുറവ് എങ്ങനെയുണ്ടാകുന്നെന്ന് സർക്കാർ പഠിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. സാമൂഹ്യ അടുക്കളയ്ക്കായി 54 കോടി ചെലവിട്ടു. 10 കോടി കുടിശികയുണ്ട്. പ്രശ്നങ്ങൾ കണ്ടെത്താൻ ഊരുകളും വീടുകളും കേന്ദ്രീകരിച്ച് മൈക്രോ ലെവൽ പ്ലാനിംഗ് നടത്തും. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ കുറഞ്ഞുവരികയാണ്. ഊരുകളിലെ വ്യാജമദ്യം തടയാൻ പൊലീസ്, എക്‌സൈസ്, വനംവകുപ്പ് എന്നിവയെ സംയോജിപ്പിച്ചുള്ള നടപടിയുണ്ടാവും. തുടർസാക്ഷരതാ പ്രവർത്തനങ്ങൾക്കായി സാക്ഷരതാ മിഷനുമായി ചേർന്ന് പദ്ധതിയുണ്ടാക്കും. ഏകലവ്യ മോഡൽ സ്കൂൾ അടുത്തവർഷം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.