veena-george

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പൊതുസ്ഥിതി പരിശോധിക്കാനും എന്തൊക്കെ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ശുപാർശ ചെയ്യാനും വിദഗദ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. സമിതി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കിഫ്ബി ഫണ്ടുപയോഗിച്ച് അടുസ്ഥാനസൗകര്യവികസനം നടത്തും. സെല്ലുകൾ മാറ്റി ബിഹേവിയറൽ ഐ.സി.യു പോലുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തും.

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അടിയന്തരമായി നികത്തും. കൂടുതൽ തസ്തികകൾ അനുവദിക്കുന്നത് പരിശോധിക്കും. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സി.സി ടിവി കാമറകൾ സ്ഥാപിക്കും. വനിതകളടക്കം കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. ജീവനക്കാർക്ക് അന്തേവാസികളെ പരിചരിക്കുന്നതിന് പരിശീലനവും ബോധവത്കരണവും നൽകുമെന്നും മന്ത്രി അറിയിച്ചു.