kpac

എനിക്ക് നഷ്ടപ്പെട്ടത് കൂടെപ്പിറപ്പിനെയാണ്. എന്റെ വീട്ടിൽ എന്തു ചടങ്ങ് നടന്നാലും ചേച്ചി ഉണ്ടാകും. രണ്ടു കാൽമുട്ടിലെയും വേദന സഹിച്ചാണ് എന്റെ മകന്റെ വിവാഹത്തിന് എത്തിയത്. ഇത്രയും ബുദ്ധിമുട്ടി വരേണ്ടതില്ലായിരുന്നു, ആ അനുഗ്രഹം മതിയല്ലോ എന്നു ഞാൻ പറഞ്ഞു.

'നിന്റെ മകന്റെ കല്യാണത്തിന് വന്നില്ലെങ്കിൽ പിന്നെ ആരുടേതിന് വരാൻ' എന്നാണ് തിരിച്ചു ചോദിച്ചത്. അത്രയ്ക്കു സ്നേഹമായിരുന്നു.

ഞാൻ അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പാസായി സിനിമാ രംഗത്ത് എത്തിയത് 1975ലായിരുന്നു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'സർവ്വേകല്ല്' ആയിരുന്നു രണ്ടാമത്തെ ചിത്രം. അതിന്റെ ലൊക്കേഷനിൽ വച്ചാണ് ചേച്ചിയെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ ബന്ധമാണ്.ആരോടെങ്കിലും ചേച്ചിക്ക് ഇഷ്ടക്കേട് തോന്നിയാൽ അത് പറഞ്ഞ് തീർക്കും. അല്ലാതെ മറച്ചുവച്ച് ചിരിച്ചു കാണിക്കില്ല. തനി നാട്ടിൻപുറത്തുകാരി.

ദുബായ് ഷോയ്ക്ക് പോകുമ്പോൾ ചേച്ചിയുമുണ്ടാകും. അപ്പോൾ സ്ഥിരം പാടുന്ന പാട്ടാണ് ''എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്...''

ചേച്ചി ഏതു വേഷമഭിനയിച്ചാലും അഭിനയിക്കുകയാണെന്നു തോന്നില്ല.

ഞാൻ നിർമ്മിച്ച 'വെള്ളാനകളുടെ നാട്ടിൽ' ചേച്ചിയുണ്ട്. പിന്നീടുള്ള പടത്തിൽ കാസ്റ്റ് ചെയ്തില്ലെങ്കിൽ ഉടൻ പരാതി വിളിച്ചറിയിക്കും 'എന്നെ മാത്രം നീ ഇട്ടില്ല അല്ലേ' എന്നൊക്കെ പറയും. പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതമാണ്. പെട്ടെന്നു മാറുകയും ചെയ്യും.

ഞാൻ കൂടെ അഭിനയിക്കുമ്പോൾ, എന്നെ നുള്ളുന്ന സീനുണ്ടെങ്കിൽ ശരിക്കും ചേച്ചി നുള്ളൂം. എല്ലാവരോടും ഇഷ്ടത്തോടെയാണ് പെരുമാറിയിരുന്നത്. മറ്റുള്ളവർക്കും അങ്ങനെ തന്നെ. അവർക്കെല്ലാം സുകുമാരി ചേച്ചി കഴിഞ്ഞാൽ പിന്നൊരു ചേച്ചി ലളിത ചേച്ചി മാത്രമായിരുന്നു. വടക്കാഞ്ചേരി എങ്കക്കാട്ടെ 'ഓർമ്മ' എന്ന വീട് ചേച്ചിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ചേച്ചിയുടെ അവസാന നാളിൽ ശേഷിച്ച ഇത്തിരി ഓർമ്മയിൽ ഈ അനിയനും ഉണ്ടായിരുന്നിരിക്കും,