
തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ ഇടനാഴിയായി മാറിയെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനാവുന്നില്ലെന്നും ആരോപിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വർഗീയ ശക്തികളുമായി സി.പി.എം കൈകോർക്കുകയാണെന്നും തീവ്രവാദ സംഘടനകളെക്കാൾ ക്രൂരമായി കൊലപാതകങ്ങൾ നടത്തുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
എന്നാൽ കേരളത്തിൽ കലാപമുണ്ടാക്കാൻ വർഗീയശക്തികളും പ്രതിപക്ഷവുമാണ് ശ്രമിക്കുന്നതെന്നും യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയുമെല്ലാം ചേർന്ന് നാടിനെ കുരുതിക്കളമാക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കൊലക്കത്തി എടുത്തവർ അത് താഴെ വച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും പറഞ്ഞു. കൊലപാതക, അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നെന്ന എൻ.ഷംസുദ്ദീന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവേ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്പോര് ഉണ്ടായി.
ഇടുക്കിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയില്ലെന്നും ആറുപേരെ 150പേർ ആക്രമിച്ചപ്പോഴുണ്ടായതാണെന്നും വി.ഡി സതീശൻ പറഞ്ഞത് ബഹളത്തിന് ഇടയാക്കി. സി.പി.എം അംഗങ്ങൾ സതീശന്റെ പ്രസംഗം തടസപ്പെടുത്തി. സ്പീക്കർ ഇടപെട്ടാണ് ശാന്തമാക്കിയത്. എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് നേതാവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയതും പത്തനംതിട്ടയിൽ എ.ഐ.വൈ.എഫുകാരെ ആക്രമിച്ചതുമായ കേസുകളിലെ പ്രതികളെ പിടിച്ചോയെന്ന് ചോദിച്ച സതീശൻ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയ്ക്കു പോലും രക്ഷയില്ലെന്ന് പറഞ്ഞത് സി.പി.ഐ അംഗങ്ങളെ പ്രകോപിതരാക്കി.
ക്രമസമാധാനത്തകർച്ചയിൽ കേരളം, യുപിയേയും ബിഹാറിനേയും കടത്തി വെട്ടിയതായി എൻ.ഷംസുദീൻ പറഞ്ഞു. നമ്മുടെ നാട്ടിൽ കല്യാണത്തിന് വർണക്കടലാസാണ് വാരി വിതറുന്നതെങ്കിൽ പിണറായി വിജയന്റെ നാട്ടിൽ ബോംബാണ് എറിയുന്നതെന്നും പരിഹസിച്ചു.
''
അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുകയും അക്രമികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്. കൊലപാതകങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പരസ്യമായി നല്‍കുകയാണ്. പൊലീസിനെ നിർവീര്യമാക്കാൻ വർഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളും ശ്രമിക്കുന്നു. ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കി പൊലീസ് വർഗീയമായി ഇടപെടുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഇത്തരം ശക്തികളുടെ വക്താക്കളായി പ്രതിപക്ഷം മാറരുത്.
- പിണറായി വിജയൻ, മുഖ്യമന്ത്രി
''
അതിക്രൂരമായ കൊലപാതകങ്ങൾ നടത്തുന്ന സി.പി.എം, അക്രമങ്ങളൊഴിവാക്കാൻ കോൺഗ്രസിനു ക്ലാസെടുക്കുന്നത് ആശ്ചര്യകരമാണ്. പൊലീസിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയും കടന്നുകയറിയതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തരുത്. വർഗീയശക്തികളെ പ്രീണിപ്പിച്ച് സർക്കാർ നാട്ടിലെ ക്രമസമാധാനം തകർത്തു.
-വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്