vasavan

തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ ഓഡിറ്റ് നടപ്പാക്കാനൂം ക്രമക്കേടുകൾ കണ്ടെത്തിയാൽ ക്രിമിനൽ

നടപടി സ്വീകരിക്കാനും ആവശ്യമായ ഭേദഗതികളോടെ സഹകരണ സംഘം നിയമത്തിൽ സമഗ്ര മാറ്റം വരുത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു.

ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ ഗ്രേഡിലുള്ള ഉദ്യോഗസ്ഥയെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ സംഘങ്ങളിലെ പ്രതിമാസ നിക്ഷേപ പദ്ധതി ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അർബൻ സഹകരണ ബാങ്കുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് നടത്തും. ഓഡിറ്റർമാർക്ക് കമ്പ്യൂട്ടറൈസ്ഡ് ഓഡിറ്റിംഗിൽ പരിശീലനം നൽകും. സി ഡിറ്റുമായി സഹകരിച്ച് ഐ.സി.ഡി.എം.എസ് പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് നോട്ടും ഓഡിറ്റ് റിപ്പോർട്ടും തയ്യാറാക്കുന്നതിന് പൊതു സോഫ്റ്റ്‌വെയർ തയ്യാറാക്കും ഏത് സഹകരണ സംഘങ്ങളായാലും ഓൺലൈൻ വഴി ഓഡിറ്റിന്റേതടക്കമുള്ള വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി റിസർവ് ബാങ്ക് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ സഹകരണ രംഗത്തിന് വിരുദ്ധമാണ്. ബാങ്കിംഗ് ഭേദഗതി നിയമത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയ വ്യവസ്ഥകൾ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി അറിയിച്ചു.