satheshan

തിരുവനന്തപുരം: തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഒ​റ്റപ്പെട്ട സംഭവം എന്ന വാക്ക് പിണറായി ഭരണകാലത്തെ ഏ​റ്റവും വലിയ തമാശയായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. എല്ലാ ദിവസവും ഒ​റ്റപ്പെട്ട സംഭവങ്ങൾ നടക്കുകയാണ്.

കോട്ടയത്ത് 19 വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്​റ്റേഷന് മുന്നിൽ കൊണ്ടിട്ടു. സ്​റ്റേഷന് മുന്നിൽ ഗുണ്ടകൾ വിളയാടിയപ്പോൾ പൊലീസുകാർ കതകടച്ച് അകത്തിരുന്നു. ഗുണ്ട പോയോ എന്ന് ജനാലയിൽ കൂടി ഒളിഞ്ഞു നോക്കി. ഇതാണ് കേരളത്തിലെ പൊലീസെന്ന് സതീശൻ ആരോപിച്ചു.

അപ്പോഴേക്ക് മുഖ്യമന്ത്രി എഴുന്നേറ്റ്, 'താങ്കൾ പോയി നോക്കിയിരുന്നോ' എന്ന് പരിഹസിച്ചു.

പരിഹസിക്കരുതെന്നും കേരളം നേരിടുന്ന ഗുരുതരമായ വിഷയമാണ് ഉന്നയിച്ചതെന്നും നാട്ടിൽ എന്താണ് നടന്നതെന്നു ആഭ്യന്തര വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്റി തിരക്കണമെന്നും സതീശൻ പറഞ്ഞു.

പൊലീസിൽ പഴയകാലത്തെ സെൽഭരണത്തിന്റെ ഭീതിതമായ രൂപം തിരിച്ചുവന്നിരിക്കുകയാണ്. എസ്.പിമാരെ നിയന്ത്റിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ നിയന്ത്റിക്കുന്നത് ഏരിയാ സെക്രട്ടറിയുമാണ്. കാപ്പ നിയമപ്രകാരം ഗുണ്ടകളെ അറസ്​റ്റു ചെയ്യുന്നതിന് പൊലീസ് നൽകുന്ന അപേക്ഷകളിൽ കളക്ടർമാർ തീരുമാനമെടുക്കുന്നില്ല. അവിടെയെല്ലാം രാഷ്ട്രീയ ഇടപെടലുകളാണ്. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി 14000 ഗുണ്ടകളെ പിടിച്ച് ഗുണദോഷിച്ച് വിട്ടുവെന്നും സതീശൻ കുറ്റപ്പെടുത്തി. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റുചെയ്യുന്നത് പൊലീസിന്റെ മികവാണ് കാണിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.