
തിരുവനന്തപുരം: പൊലീസിനെ കൂടുതൽ ജനസൗഹാർദ്ദമാക്കി മാറ്റുമെന്നും ജനങ്ങളോട് മോശമായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ചാണ് ഇപ്പോൾ പരാതികളുള്ളത്. അത് പൊലീസിന്റെ പൊതുവായ മുഖമല്ല. സർക്കാരിന്റെ പൊതുവായ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ നടപടിയെടുക്കും. തെറ്റായ സമീപനങ്ങളെ സർക്കാർ അംഗീകരിക്കില്ല. അതിന്റെകൂടി അടിസ്ഥാനത്തിലാണ് കൂടുതൽ ജനസൗഹാർദ്ദ രീതിയിലേക്ക് പൊലീസ് മാറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ എറ്റവും ആധുനികവത്കരിക്കപ്പെട്ട പൊലീസ് കേരളത്തിലേതാവും.
പൊലീസിൽ രണ്ടു വിഭാഗങ്ങൾ പുതുതായി തുടങ്ങും. പ്രത്യേക സൈബർ കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇക്കണോമിക് ക്രൈം വിംഗും. പ്രതികളെ പിടിച്ചില്ലെന്നും അഴിമതിക്കേസുകൾ അട്ടിമറിച്ചെന്നും പൊലീസിനെതിരെ ഇപ്പോൾ വിമർശനമില്ല. നീതി നടപ്പാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പ്രകടനവും അക്രമവും നടത്താനുള്ള ബി.ജെ.പിയുടെ രഹസ്യശ്രമം കണ്ടെത്തി നിർവീര്യമാക്കിയത് രഹസ്യാന്വേഷണ വിഭാഗമാണ്. സ്തുത്യർഹമായ സേവനം നടത്തുന്ന പൊലീസിനെ അംഗീകരിച്ചില്ലെങ്കിലും അവഹേളിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ വന്നശേഷം ആറ് രാഷ്ട്രീയ കൊലകൾ
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഫെബ്രുവരി 21വരെ 6 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മൂന്നെണ്ണത്തിൽ പ്രതികളായത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ്. രണ്ടെണ്ണത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരും ഒരെണ്ണത്തിൽ കോൺഗ്രസുകാരുമാണ് പ്രതികൾ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 35 രാഷ്ട്രീയ കൊലകളുണ്ടായപ്പോൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 26 രാഷ്ട്രീയ കൊലകൾ മാത്രമാണുണ്ടായത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ 1,677 കൊലപാതക കേസുകളാണുണ്ടായത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ 1516 കൊലപാതക കേസുകളുണ്ടായി. 2016 മുതൽ 2021 വരെ സ്ത്രീകൾക്കെതിരായി 86390 കേസുകളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.