sivagiri
sivagiri

ശിവഗിരി: കേരളം കണ്ട ഭാഷാപണ്ഡിതന്മാരുടെ മുൻനിരയിലാണ് ശ്രീനാരായണ ഗുരുദേവന്റെ സ്ഥാനമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മലയാള മിഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി ശിവഗിരിമഠത്തിലെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധിസംഘത്തിന്റെ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ രചിച്ച കൃതികളെല്ലാം മനുഷ്യനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്താൻ പ്രേരണ നൽകുന്നവയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ഇടപെടലുകളിലൂടെയാണ് ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളം ദൈവത്തിന്റെ സ്വന്തം നാടായതെന്ന് കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു, മലയാള ഭാഷയുടെ തനിമ നിലനിർത്തുന്നതിനും സമൂഹത്തിന്റെ താഴെത്തട്ടിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നവർക്ക് അതിൽ നിന്നും മോചനം നേടാനും ഇടയാക്കിയതും ഗുരുദേവനാണെന്നും അദ്ദേഹം പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ശിവഗിരിമഠം പി.ആർ ഒ ഇ.എം.സോമനാഥൻ എന്നിവർ സംസാരിച്ചു. നൂറോളം പേരടങ്ങിയ സംഘം ശാരദാമഠത്തിലും വൈദിക മഠത്തിലും മഹാസമാധിയിലും പ്രാർത്ഥിച്ചു.

ഫോട്ടോ: മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി ശിവഗിരിമഠത്തിലെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധിസംഘത്തിന്റെ സമ്മേളനത്തിൽ മുരുകൻകാട്ടാക്കട സംസാരിക്കുന്നു. സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവർ സമീപം