
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ സജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ശനിയാഴ്‌ച പത്തനംതിട്ടയിൽ നടക്കും. സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികൾ പങ്കെടുക്കും.
മാർച്ച് 19ന് ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമാകും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം. വിജിൻ എം.എൽ.എ, കെ.യു. ജനീഷ്‌കുമാർ എം.എൽ.എ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സിൽവർ ലൈനിനായി സെമിനാർ
സിൽവർ ലൈനടക്കമുള്ള പദ്ധതികളെ ജനങ്ങളിലെത്തിക്കാൻ ക്യാമ്പയിൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിക്കും. 'കെ റെയിൽ –- തൊഴിലും വികസനവും" എന്ന വിഷയത്തിൽ കെ.എസ്.ടി.എ ഹാളിൽ നടക്കുന്ന സെമിനാർ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ജില്ലാ, ബ്ലോക്ക് തലങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും.