
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ശിലാസ്ഥാപന കർമ്മം നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിൽ ചലച്ചിത്ര സംവിധായകനും നടനുമായ മധുപാൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ അദ്ധ്യക്ഷനായിരുന്നു.
ജെ.സി. ഡാനിയൽ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ കോട്ടയത്ത് നിർമ്മിച്ച സിമന്റിൽ തീർത്ത ശില്പം നെയ്യാറ്റിൻകര നഗരസഭ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫിലിം റോൾ കൈകളിലെടുത്ത് പരിശോധിക്കുന്ന മാതൃകയിൽ ആറടിയോളം ഉയരമുള്ള പൂർണകായ പ്രതിമ സ്ഥാപിക്കാനുള്ള നിർമ്മാണ ചെലവ് നിംസ് മെഡിസിറ്റി ഏറ്റെടുത്തതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ജെ.സി. ഡാനിയേലിന്റെ ഓർമ്മദിനമായ ഏപ്രിൽ 27ന് മുൻപ് സ്മാരകത്തിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിൻ, എൻ.കെ. അനിതകുമാരി, ഡോ. എം.എ. സാദത്ത്, ആർ. അജിത, നഗരസഭ മുൻ ചെയർമാൻ അഡ്വ. കെ.ആർ. പത്മകുമാർ, കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, അലി ഫാത്തിമ, ഗ്രാമം പ്രവീൺ, കൂട്ടപ്പന മഹേഷ്, നഗരസഭ സെക്രട്ടറി എം.മണികണ്ഠൻ, എൻജിനിയർ സുരേഷ് കുമാർ, മുൻ കൗൺസിലർമാരായ അഡ്വ. കെ. വിനോദ്സെൻ, രാജേഷ്, അഡ്വ. തലയൽ പ്രകാശ്, ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ, ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം, സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിൻകര സെക്രട്ടറി എ.വി. സജിലാൽ എന്നിവർ പങ്കെടുത്തു.