
തിരുവനന്തപുരം: സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലയിൽ നിന്ന് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റി എസ്.ഐമാർക്ക് ചുമതല നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വലിയ കേസില്ലാത്ത സ്റ്റേഷനുകളിൽ സി.ഐയെ നിലനിറുത്തേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിച്ചിട്ടില്ല. സി.ഐമാർ സ്റ്റേഷൻ ചുമതല വഹിക്കുമ്പോൾ അവരുടെ പ്രവൃത്തിപരിചയ മികവ് ഗുണകരമാകുന്നുണ്ട്. എസ്.ഐമാരുടെ ചടുലതയും ആവേശവും ഇപ്പോഴും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസിന്റെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ ചുമതലയിൽ നിന്ന് സി.ഐമാരെ മാറ്റുമെന്ന വാർത്തയെക്കുറിച്ച് രമേശ് ചെന്നിത്തല ഇടയ്ക്ക് ഇടപെട്ടു ചോദിച്ചപ്പോഴായിരുന്നു മറുപടി.