
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എ.കെ.ജി സെന്ററിന് സമീപത്തെ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ പാർട്ടി ഉടമസ്ഥതയിലുള്ള 32 സെന്റിലാണ് ഓഫീസ് നിർമ്മിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവർ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും എ.കെ.ജി സെന്ററിലാണ് നിലവിൽ ചേരുന്നത്. എ.കെ.ജി സെന്ററിന്റെ ഉടമസ്ഥത എ.കെ.ജി പഠനഗവേഷണ കേന്ദ്രം ട്രസ്റ്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
എന്നാൽ പഠനഗവേഷണകേന്ദ്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനകമ്മിറ്റി ഓഫീസിനായി പുതിയ സ്ഥലം തേടിയത്. തുടർന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ കഴിഞ്ഞ സെപ്തംബർ 25ന് 2391 / 2021 എന്ന നമ്പരിൽ സ്ഥലം രജിസ്റ്റർ ചെയ്തത്.