തിരുവനന്തപുരം: ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണ ഉദ്ഘാടനം മാർച്ച് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി റോഷി അഗസ്​റ്റിൻ നിയമസഭയിൽ അറിയിച്ചു. തീരപ്രദേശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ ഈ വിഷയത്തെ സമീപിക്കുന്നത്. താത്കാലിക പരിഹാരങ്ങൾക്കു പകരം സ്ഥിരമായ കടൽഭിത്തി നിർമിക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യ ചുവടുവയ്പ്പാണ് ചെല്ലാനത്തെ നിർമ്മാണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള ഇറിഗേഷൻ ഇൻഫ്റാസ്‌ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനു കീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണി​റ്റിന്റെ മേൽനോട്ടത്തിലാണ് കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നത്. ഊരാളുങ്കൽ സൊസൈ​റ്റിയാണ് കരാറുകാർ. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീ​റ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമ്മിക്കും. കടൽഭിത്തിക്കായി 254കോടി, പുലിമുട്ടുകൾക്കായി 90 കോടി വീതമാണ് ഭരണാനുമതി നൽകിയതെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.