chennithala

തിരുവനന്തപുരം: ഇതുവരെ അനുമതി ലഭിക്കാത്ത സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത് കല്ല് സ്ഥാപിക്കുന്നത് ജനവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതി കിട്ടാതെ ഭൂമി ഏറ്റെടുക്കില്ലെന്നും സാമൂഹിക ആഘാതപഠനത്തിന് വേണ്ടിയുള്ള വെറും അതിര് വേർതിരിക്കൽ മാത്രമാണിപ്പോൾ നടത്തുന്നതെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 18നും ഒക്ടോബർ 30നും സർക്കാർ പുറത്തിറക്കിയ ഉത്തരവുകൾ ഭൂമി ഏറ്റെടുക്കാനുള്ളതായിരുന്നു.സർക്കാർ ഉത്തരവുകളുടെ പകർപ്പുകളും അദ്ദേഹം നിയമസഭയിൽ സമർപ്പിച്ചു.

നിലവിൽ സിൽവർലൈനുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാതപഠനം, സോയിൽ സർവ്വേയ്ക്കവേണ്ടിയുള്ള പഠനം, എൻവയൺമെന്റ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കൽ, റീസെറ്റിൽമെന്റ് റീഹാബിലിറ്റേഷൻ പ്ലാൻ തയ്യാറാക്കൽ, ലാൻഡ് അക്വിസിഷൻ സെല്ലിന്റെ രൂപീകരണം, കണ്ടിജൻസി ചാർജ്ജ് എന്നീ പ്രവർത്തനങ്ങൾക്കാണ് കേന്ദ്രാനുമതിയുള്ളത്.

മാത്രമല്ല വിദേശഫണ്ടിന്റെ കാര്യത്തിലും തീരുമാനമായില്ല. പദ്ധതിക്കായി 33700 കോടി രൂപയുടെ വിദേശവായ്പയ്ക്കായി കേന്ദ്രത്തെ കഴിഞ്ഞ വർഷം സമീപിച്ചുവെങ്കിലും സംസ്ഥാനത്തിന് വായ്പയ്ക്ക് ഗ്യാരന്റി നൽകുന്നതിന്റെ പരിധി കഴിഞ്ഞുവെന്ന നിഷേധമറുപടിയാണ് കിട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 12ന് മറുപടി ലഭിച്ചതിന് ശേഷം 30നാണ് ഭൂമി ഏറ്റെടുക്കാനുള്ള രണ്ടാമത്തെ ഉത്തരവ് പുറത്തിറക്കിയതെന്നതും ഗൂഢമാണെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.