krail

തിരുവനന്തപുരം: നിയമസഭയിൽ ഗവർ‌ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയുടെ രണ്ടാംദിവസമായ ഇന്നലെ നിറഞ്ഞുനിന്നത് കെ. റെയിൽ വിഷയം. ഭരണകക്ഷിയംഗങ്ങൾ സിൽവർലൈൻ പദ്ധതിയുടെ അനിവാര്യത വിശദമാക്കിയപ്പോൾ പ്രതിപക്ഷം പദ്ധതിയെ എതിർത്തു. പദ്ധതി വരുന്നതോടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറുമെന്ന് മുൻമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം, കേരളത്തിന് നൽകാമെന്ന് കേന്ദ്രം ഉറപ്പുപറഞ്ഞ കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയടക്കമുള്ള റെയിൽ പദ്ധതികൾ നേടിയെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പി.ടി.എ റഹിം കുറ്റപ്പെടുത്തി. പദ്ധതിയുടെ കാര്യത്തിൽ സി.പി.ഐയ്ക്ക് സ്വന്തം അഭിപ്രായമുണ്ടെങ്കിലും വികസനത്തെയോ, സിൽവർലൈൻ നടപ്പാക്കുന്നതിനെയോ എതിർക്കുമെന്ന് ആരും കരുതേണ്ടെന്ന് പി. ബാലചന്ദ്രൻ വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ശബരി റെയിൽ പദ്ധതി നടപ്പാക്കാത്ത സർക്കാർ എങ്ങനെയാണ് സിൽവർലൈൻ നടപ്പാക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി ചോദിച്ചു.