13 പേരെ പൊലീസ് അറസ്റ്റുചെയ്‌തു
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ പൊയ്‌കവിളയിൽ കെ റെയിൽ പദ്ധതിയുടെ സർവേ നടപടികൾക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ രാവിലെ 10ഓടെ കല്ലിടൽ ആരംഭിച്ചപ്പോൾ പൊയ്‌കവിള ക്ഷേത്രത്തിന് സമീപമുള്ള ഭൂഉടമകളിൽ നിന്നാണ് എതിർപ്പുണ്ടായത്. കഴിഞ്ഞദിവസം വൈകിട്ടോടെ ഭൂ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ തത്കാലം നിറുത്തിവച്ചിരുന്നു.
ശക്തമായ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. നാട്ടുകാരും പൊതുപ്രവർത്തകരും റവന്യൂ ഉദ്യോഗസ്ഥരെ തടയാൻ ആരംഭിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസുമായി ഉന്തുതള്ളുമായി. കല്ലിടാനെത്തിയവരെ തടഞ്ഞ വനിതാ പഞ്ചായത്തംഗം ഉൾപ്പെടെ 13പേരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഇതിനുശേഷം കല്ലിടൽ പുനരാരംഭിച്ചു. മറ്റിടങ്ങളിൽ കല്ലിടൽ തുടർന്നെങ്കിലും കാര്യമായ പ്രതിഷേധമുണ്ടായില്ല.
ഗ്രാമപഞ്ചായത്തംഗങ്ങളായ അനന്തകൃഷ്ണൻ നായർ, സലീന, അനീഷ്, കോൺഗ്രസ് നേതാക്കളായ ബി.എസ്. അനൂപ്, വിശ്വനാഥൻ നായർ, കൂന്തള്ളൂർ ബിജു, നാട്ടുകാരായ നരേന്ദ്രൻ, ബിനോയ്, ഷമീർ, മുഹമ്മദ്, സുധീർ, ഷെഫീക്ക്, റഫീക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. നാലുമണിക്കൂർ കരുതൽ തടങ്കലിനുശേഷം ഇവരെ വിട്ടയച്ചു. സർവേ നടപടികൾ ഇന്ന് തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.