
പാലോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളും കേന്ദ്രീകരിച്ച് പാലോട് പൊലീസ് പരിശോധന ശക്തമാക്കി. കുശവുർ, നന്ദിയോട് എസ്.കെ.വി സ്കൂൾ, പെരിങ്ങമല ഇക്ബാൽ സ്കൂൾ , ജവഹർ കോളനി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി അമിത വേഗതയിലും ട്രിപ്പിൾ റൈഡിംഗും നടത്തിയ 8 വാഹനങ്ങൾ പിടികൂടി. സ്കൂൾ പരിസരത്തും ബസ് സ്റ്റോപ്പിലും കറങ്ങിനടന്ന് ശല്യമുണ്ടാക്കിയ 6 പേരെ മടത്തറ കാണി സ്കൂളിന് സമീപത്തുനിന്നും 2 പേരെ കുശവൂർ ബസ് സ്റ്റോപ്പിൽ നിന്നും 2 പേരെ എസ്.കെ.വി ബസ് സ്റ്റോപ്പിൽ നിന്നും പിടികൂടി.
നന്ദിയോട് എസ്.കെ.വി സ്കൂളിന് സമീപം പ്ലാവറയിൽ പാൻപരാഗ് , കൂൾ തുടങ്ങിയ 82 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും ബീഡിയും സിഗരറ്റും പിടികൂടി. കടയുടമയായ പ്ലാവറ കടയിൽ വീട്ടിൽ വിശ്വനാഥപിള്ള (68) എന്നയാളെ അറസ്റ്റുചെയ്തു. ഇയാൾ മുൻപും കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റതിന് പിടിയിലായിരുന്നു. യുണിഫോമും തിരിച്ചറിയൽ രേഖകളും ധരിക്കാത്തതും കുട്ടികളോട് മോശമായി പെരുമാറുന്നതുമായ സ്വകാര്യ ബസ്സ് ജീവനക്കാർക്കെതിരെയും സ്കൂൾ ടൈമിൽ ഓടുന്ന ടിപ്പറുകൾക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി എം.സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസ്സാറുദീൻ ഗ്രേഡ് എസ്.ഐ മാരായ റഹിം, ഉദയകുമാർ, വിനോദ്, ഗ്രേഡ് എ.എസ് ഐ മാരായ അനിൽകുമാർ , അജി, എസ്.സി.പി.ഒ മാരായ രാജേഷ് കുമാർ, സുരേഷ് ബാബു അനീഷ് , റിയാസ്, സി.പി.ഒ മാരായ സുജുകുമാർ, സുലൈമാൻ, അരവിന്ദ്, അരുൺ. കിരൺ, രഞ്ജു രാജ്, വിനീത് എന്നിവരാണ് പല സംഘങ്ങളായി പരിശോധന നടത്തിയത്.