കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം മേഖല കുരുതിക്കളമാവുന്നു. അമിത വേഗവും ഗതാഗത നിയമലംഘനവും നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ദിനംപ്രതി നടക്കുന്ന അപകടങ്ങളും അപകട മരണങ്ങളുടെയും ഞെട്ടലിലാണ് കല്ലമ്പലം നിവാസികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അഞ്ച് ജീവനുകളാണ് കല്ലമ്പലം മേഖലയിൽ പൊലിഞ്ഞത്. അധികവും ബൈക്കപകടങ്ങളിൽ യുവാക്കളാണ് മരിക്കുന്നത്. ഇക്കഴിഞ്ഞ 9നാണ് മദ്യപിച്ചിരുന്ന മദ്ധ്യവയസ്കൻ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് നിയന്ത്രണം തെറ്റി വീണ് ബൈക്ക് മറിയുകയും പിറകെ വന്ന ലോറി കയറി രണ്ട് യുവാക്കൾ മരിക്കുകയും ചെയ്തത്. നാവായിക്കുളം പറകുന്ന് സ്വദേശികളായ വിപിൻ (27), രാജേഷ് (24) എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് കാൽനടയാത്രക്കാരനായ ഗോപിനാഥൻ ആശാരിയെ അമിത വേഗതയിൽ വന്ന കാറിടിച്ച് മരിച്ചതും അടുത്തിടെയാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് കടുവയിൽ പള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കടയ്ക്കാവൂർ സ്വദേശിയായ മനു (24) മരിച്ചത്. കഴിഞ്ഞ ദിവസം ബൈക്കിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് കുളമുട്ടം സ്വദേശി അബിൻ (22) ദാരുണമായി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മേഖലയിൽ ആവശ്യത്തിന് തെരുവുവിളക്കില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയിൽ കടമ്പാട്ടുകോണം മുതൽ തോട്ടയ്ക്കാട് വരെയുള്ള മേഖല അതിതീവ്ര അപകട മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കുറയ്ക്കാനാവശ്യമായ മുൻകരുതലോ നടപടികളോ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാവുന്നു. വാഹന പരിശോധനയും ഗതാഗത നിയന്ത്രണവും കാര്യക്ഷമമല്ല എന്ന പരാതിയും വ്യാപകമാണ്.