തിരുവനന്തപുരം:സ്കൂളുകൾ തുറന്നതോടെ കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ ബസുകളിൽ യാത്രക്കാരേറി.തിങ്കളാഴ്ച 20,500 യാത്രക്കാരും ചൊവ്വാഴ്ച 21,000 യാത്രക്കാരും സിറ്റി സർക്കുലർ ബസിനെ ആശ്രയിച്ചു. സിറ്റി സർക്കുലർ ബസ് സർവീസ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ യാത്രക്കാരെ ലഭിക്കുന്നതും ഇപ്പോഴാണ്.നേരത്തെ 17,000 വരെ യാത്രക്കാരെ ലഭിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ മൂന്നാം വരവിൽ അത് പതിനായിരത്തോളമായി കുറഞ്ഞു.ആ കുറവാണ് ഇപ്പോൾ പരിഹരിക്കുന്നത്.വിദ്യാർത്ഥികൾ മാത്രമല്ല,മറ്റ് യാത്രക്കാരുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്.അതേസമയം കളക്ഷൻ തീരെ കുറവായ സിറ്റി സർക്കുലർ ബസുകളുടെ റൂട്ടിൽ മാറ്റം വരുത്താനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. പേരൂർക്കട മേഖലയിൽ 28, നഗരത്തിൽ 38 എന്നിങ്ങനെ ആകെ 66 ബസുകളാണ് സിറ്റി സർക്കുലറായി സർവീസ് നടത്തുന്നത്.
സ്കൂൾ ബസായും ബോണ്ട് വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി ബസുകളോടുന്നുണ്ട്.തിരുവല്ലം ബി.എൻ.വി സ്കൂളിനു വേണ്ടിയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്.
ഓർഡിനറി സർവീസുകൾ കൂടി
യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ ഓർഡിനറി സർവീസുകളുടെ എണ്ണവും വർദ്ധിപ്പിച്ചതായി സിറ്റി ഡി.ടി.ഒ ജേക്കബ് സാം ലോപ്പസ് പറഞ്ഞു.നേരത്തെ 32 മുതൽ 38 വരെ ഓർഡിനറി ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ അത് 55 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.