തിരുവനന്തപുരം: അർബുദ ബാധയെത്തുടർന്ന് അന്നനാളം ചുരുങ്ങിപ്പോയ 53കാരിയെ കിംസ്‌ ഹെൽത്തിൽ നടത്തിയ എൻഡോസ്‌കോപി ചികിത്സയിലൂടെ സുഖപ്പെടുത്തി. തൊണ്ടയിലെ അർബുദബാധയുടെ ചികിത്സാർത്ഥം നടത്തിയ റേഡിയേഷനിലൂടെയാണ് അന്നനാളം ചുരുങ്ങിപ്പോയ അവസ്ഥയുണ്ടായത്. തുടർന്ന് കട്ടിയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാതായി. ഒടുവിൽ വെള്ളം പോലും കുടിക്കാൻ പറ്റാതെയായി. ഇതിന് പരിഹാരമായി വയറിൽ ദ്വാരമുണ്ടാക്കി നേരിട്ട് ആമാശയത്തിലേക്ക് ഭക്ഷണം നൽകുകയായിരുന്നു. രണ്ടു വർഷത്തിന് ശേഷമാണ് ഈ രോഗി കിംസ്‌ ഹെൽത്തിൽ എത്തിയത്. വയറിനുള്ളിലൂടെയും വായിലൂടെയും എൻഡോസ്‌കോപി നടത്തിയാണ് ഈ ചികിത്സ നടത്തേണ്ടത്. അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണിതെന്ന് കിംസ്‌ ഹെൽത്തിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. മധു ശശിധരൻ പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട എൻഡോസ്‌കോപിയിലൂടെ അന്നനാളത്തിലെ ചുരുക്കം വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡോ. അജിത് കെ. നായർ, ഡോ. ഹാരിഷ് കരീം, ഡോ. അരുൺ പി. എന്നിവരും എൻഡോസ്‌കോപി ചികിത്സയ്ക്ക് നേതൃത്വം നൽകി.