k-rail-book

 തോമസ് ഐസക്കിന്റെ 'എന്തുകൊണ്ട് കെ റെയിൽ' പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവിയെ കരുതിയുള്ള വികസനത്തിന്റെ പേരിൽ ഒരാൾക്കുപോലും കണ്ണീര് കുടിക്കേണ്ടിവരില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുൻ മന്ത്രി ഡോ.തോമസ് ഐസക് രചിച്ച 'എന്തുകൊണ്ട് കെ. റെയിൽ' എന്ന പുസ്തകം എ.കെ.ജി സെന്ററിൽ പ്രകാശനം ചെയ്യുകയായിരുന്നു കോടിയേരി.

വികസന രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്ന ഘട്ടമാണിത്. സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ആർക്കും കഷ്ടനഷ്ടങ്ങൾ വരില്ല. വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകളുടെ വിശ്വാസം ആർജിച്ചാണ് എൽ.ഡി.എഫ് സർക്കാരുകൾ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കണ്ണൂർ വിമാനത്താവളത്തിന് 2000 ഏക്കർ ഭൂമി ഏറ്റെടുത്തത് ഇതിന് ഉദാഹരണമാണ്. വികസനത്തോടുള്ള കോൺഗ്രസിന്റെ നശീകരണ നിലപാട് തിരുത്തണം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കാര്യങ്ങൾ മനസിലാക്കി കോൺഗ്രസ് നേതൃത്വത്തെ കൊണ്ട് തെറ്റു തിരുത്തിക്കണം. പദ്ധതിക്കായി 20 എം.പിമാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

ആരും കേരളത്തിന്റെ വഴി മുടക്കരുതെന്നും വികസനം തടയാതെ തുറന്ന സംവാദത്തിന് തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി കോടിയേരിയിൽ നിന്ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം ഏറ്റുവാങ്ങി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി.