kedavilakk

തിരുവനന്തപുരം: 365 ദിവസവും 24 മണിക്കൂറും 'ഹരേ രാമ ഹരേ കൃഷ്‌ണ" എന്ന മഹാമന്ത്രം കെടാവിളക്കിനു മുന്നിൽ തംബുരു മീട്ടിക്കൊണ്ടു ജപിക്കുന്ന നാമസങ്കീർത്തനവേദിയായ തിരുവനന്തപുരം കോട്ടയ്‌ക്കകത്തെ അഭേദാശ്രമം മഹാമന്ത്രാലയം സ്ഥാപിതമായിട്ട് ഇന്ന് 67 വർഷം തികയുന്നു. സന്ദർശകർക്ക് അത്ഭുതവും ഭക്തർക്ക് ആനന്ദവും പ്രദാനംചെയ്യുന്ന ഇത്തരമൊരു സമ്പ്രദായം നിലനിൽക്കുന്ന കേരളത്തിലെ അപൂർവമായ ആത്മീയകേന്ദ്രമാണിത്. ചൈതന്യ മഹാപ്രഭുവാണ് ഹരേ രാമ മന്ത്രത്തെ ഇത്രമേൽ ജനകീയമാക്കുന്നത്. അദ്ദേഹത്തെ പിൻപറ്റിക്കൊണ്ട് പിന്നീട് അഭേദാശ്രമ സ്ഥാപകൻ സ്വാമി അഭേദാനന്ദ മഹാരാജ് ജീവിതം തന്നെ മന്ത്രപ്രചാരണത്തിനായി മാറ്റിവയ്‌ക്കുകയായിരുന്നു. നാലു മാസം നീണ്ടു നിൽക്കുന്ന നാമജപയജ്ഞങ്ങളിലൂടെയാണ് സ്വാമി അഭേദാനന്ദൻ കേരളത്തിൽ നാമജപപ്രഘോഷണം ആരംഭിച്ചത്. പാറശാലയ്‌ക്കടുത്ത് മരിയാപുരത്തുള്ള ആറയൂർ ചട്ടമ്പിസ്വാമിയുടെ പേരിൽ 1946ൽ സ്ഥാപിച്ച ആശ്രമത്തിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അഖണ്ഡനാമയജ്ഞങ്ങളാരംഭിക്കുന്നത്. ഗുരുവായ ചട്ടമ്പിസ്വാമിയുടെ പന്മനയിലെ സമാധിക്ഷേത്രം സന്ദർശിച്ച സ്വാമി അഭേദാനന്ദൻ സമാധിസ്ഥാനത്തു നിന്നൊരു ദീപം തെളിച്ച് കെടാതെ കൊണ്ടുവന്ന് 1954 ഫെബ്രുവരി 24ന് കോട്ടയ്ക്കകം മഹാമന്ത്രാലയത്തിൽ ഒരു കെടാവിളിക്കിൽ പകരുകയും സ്ഥിരം നാമവേദിക്ക് തുടക്കമിടുകയുമായിരുന്നു. 1971 മുതൽ ആറയൂർ ആശ്രമത്തിലും അഖണ്ഡനാമജപം മുടക്കമില്ലാതെ തുടർന്നുവരുന്നു. കഴിഞ്ഞ 66 വർഷത്തിനിടെ ഒരു പ്രതിസന്ധിയിലും ഈ വിളക്ക് കെട്ടിട്ടില്ല. ജപം മുടങ്ങിയിട്ടുമില്ല. ഇപ്പോഴത്തെ അഖണ്ഡനാമവേദിക്കു സമീപം സ്‌ഫടികശാലയിൽ സമാധിയായ സ്വാമി അഭേദാനന്ദന്റെ ധ്യാനത്തിലിരിക്കുന്ന പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് മനഃശാന്തിയും സമാധാനവും പകർന്നുനൽകുന്ന സദാ മന്ത്രമുഖരിതമായ അന്തരീക്ഷമുള്ള ഒരപൂർവ കേന്ദ്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള അഭേദാശ്രമം മഹാമന്ത്രാലയത്തിലെ ഈ നാമവേദി.