ration

പാറശാല: അമരവിള കാട്ടിൽവിളയിലെ ഒരു ക്രഷർ ഗോഡൗണിൽ ഒളിപ്പിച്ചിരുന്ന 57 ചാക്ക് തമിഴ്‌നാട് റേഷൻ ഭക്ഷ്യധാന്യങ്ങൾ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ എത്തിയ സംഘം പിടിച്ചെടുത്തു. യാതൊരു രേഖകളുമില്ലാതെ ലോറിയിൽ ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പിടിച്ചെടുത്തത്. അധികൃതർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്നലെ വെളുപ്പിന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ അമരവിള സിവിൽ സപ്ലൈസ് ഗോഡൗണിലേക്കും വാഹനം പാറശാല പൊലീസ് സ്റ്റേഷനിലേക്കും കൈമാറി. താലൂക്കിൽ വ്യാപകതോതിൽ ഭക്ഷ്യധാന്യങ്ങൾ കടത്തുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ, നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ അജിത്കുമാർ എസ്.എസ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ രാജീവ് പി, ചിത്ര പി. നായർ, മത്തായി കെ, സിജി. ഡി, അജയ്കുമാർ ഡി.വി എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസാധനങ്ങൾ കണ്ടെത്തിയത്.