
തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസിൽ 2021 ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഇതിനായി ഭേദഗതി കൊണ്ടുവരും.
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽപ്പെടുത്തി 2021ഫെബ്രുവരി 6ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനങ്ങൾക്ക് ഒ.ബി.സി പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതിന് അധികാരമില്ലെന്ന ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവരണവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേ.
ഭരണഘടനയുടെ 127 -ാം ഭേദഗതി ബില്ല് പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്ന് സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാടാർ സമുദായത്തിലെ ഹിന്ദു, എസ്.ഐ.യു.സി ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധത്തിലാകും പുതിയ സംവരണം നടപ്പാക്കുക.