ഡ്രൈവർക്കും പണി
തിരുവനന്തപുരം:ബാലരാമപുരത്തിനടുത്ത് നെല്ലിമൂട്ടിൽ ബസ് കാത്തുനിന്ന് വലഞ്ഞ സ്കൂൾ വിദ്യാർത്ഥികളെ ഗുഡ്സ് ഓട്ടോ റിക്ഷയിൽ കയറ്റി സ്കൂളിലെത്തിച്ച സംഭവം ചർച്ചയായതിനെ തുടർന്ന് കെ.എൽ.20 പി 6698 എന്ന നമ്പരിലുള്ള വാഹനം മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ ജീവന് ഭീഷണി ആയേക്കാവുന്ന പ്രവൃത്തിയുടെ പേരിൽ വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയിലേക്കാണ് നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി.ഒ നീങ്ങുന്നത്.സ്കൂളുകളെല്ലാം മുഴുവൻ സമയവും പ്രവർത്തനം ആരംഭിച്ച ശേഷം കാഞ്ഞിരംകുളം - ബാലരാമപുരം റൂട്ടിൽ സ്‌കൂൾ സമയത്ത് ആവശ്യമായ ബസുകളില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഗുഡ്സ് ഓട്ടോയിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.കുട്ടികളെ അപകടപ്പെടുത്തുന്ന രീതിയിലുള്ളതും നിയമവിരുദ്ധവുമായ യാത്ര എന്തു കാരണം പറഞ്ഞും ന്യായീകരിക്കാനാകില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.കുട്ടികളെ സഹായിച്ചത് ഇത്ര വലിയ കുറ്റമാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കേരളകൗമുദിയിൽ ചിത്രം വന്നതിനെത്തുടർന്ന് കുട്ടികൾക്കായി കെ.എസ്.ആർ.ടി.സി ഏഴ് സർവീസുകൾ കൂടുതൽ അനുവദിക്കുകയും ചെയ്തിരുന്നു.നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂൾ,പ്ലാവിള ഗവ.സ്‌കൂൾ അധികൃതരോട് മേട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നും ശ്രദ്ധയിൽപ്പെട്ടാൽ മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അറിയിച്ചു.