
മമ്മൂട്ടി ചിത്രം സി.ബി.ഐ 5ൽ ജഗതി ശ്രീകുമാറിനൊപ്പം മകൻ രാജ് കുമാർ അഭിനയിക്കുന്നു. എറണാകുളത്ത് സി.ബി.ഐ 5ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 27, 28 തീയതികളിൽ ജഗതിയുടെയും രാജ്കുമാറിന്റെയും രംഗങ്ങൾ ചിത്രീകരിക്കും. ഇതിനായി ജഗതിയും മകനും ഇന്ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. മമ്മൂട്ടിയുടെ സേതുരാമയ്യർ തന്റെ സഹപ്രവർത്തകനായ വിക്രമിനെ വീട്ടിൽ കാണാൻ എത്തുന്നതാണ് സീൻ. ഈ രംഗങ്ങൾ തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ ചിത്രീകരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് എറണാകുളത്തു ചിത്രീകരിക്കാൻ തീരുമാനിച്ചു. വിക്രമിന്റെ മകന്റെ വേഷത്തിലാണ് രാജ്കുമാർ കാമറയ്ക്കു മുന്നിൽ എത്തുക. അപകടത്തിനുശേഷം ജഗതി ശ്രീകുമാർ അഭിനയിച്ച പരസ്യചിത്രത്തിൽ രാജ്കുമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അഭിനയിച്ചിരുന്നു. സി.ബി.ഐയുടെ നാലു ഭാഗങ്ങളിലും അഭിനയിച്ച താരമാണ് ജഗതി. സി.ബി. െഎ സീരിസിന്റെ അമരക്കാരായ കെ. മധുവും എസ്. എൻ സ്വാമിയും ചേർന്നാണ് സി.ബി.െഎ 5 ഒരുക്കുന്നത്. മുകേഷ്, സായ്കു മാർ, രൺജി പണിക്കർ, രമേശ് പിഷാരടി, ദിലീഷ് പോത്തൻ, സൗബിൽ ഷാഹിർ, ആശ ശരത്ത്, കനിഹ, മാളവിക എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
അഖിൽ ജോർജാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതസംവിധാനം ഒരുക്കുന്നു. സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് സി.ബി.ഐ 5 നിർമ്മിക്കുന്നത്.ഡൽഹി. ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.
ഭീഷ്മപർവ്വത്തിനുശേഷം വലിയ കാൻവാസിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് സി.ബി.ഐ 5.