
തിരുവനന്തപുരം/കീവ് :
ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്.
വെടിയൊച്ചകൾ കേൾക്കാം. ജനാലവഴി നോക്കാൻ പോലും ഭയന്നാണ് വീട്ടിനുള്ളിൽ ഇരിക്കുന്നത്. കീവിലെ പലയിടത്തും സ്ഫോടനം നടന്നതായി കേൾക്കുന്നു.
30 വർഷമായി യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്ഥിരതാമസമാക്കിയ കൊച്ചി ഇടപ്പള്ളി സ്വദേശിയായ ഡോക്ടർ പി.ആർ.യു മേനോൻ ടെലിഫോണിൽ കേരളകൗമുദിയോട് പറഞ്ഞു.
യുക്രെയിൻ സ്വദേശിയായ ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ഇൗ ജനുവരിയിലാണ് കേരളത്തിലെത്തി മടങ്ങിയത്. അവിടെ ഫാർമ കമ്പനിയിലെ ഡോക്ടറാണ് പി.ആർ.യു മേനോൻ.
മരണഭീതിയിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ഡോക്ടർ അഭ്യർത്ഥിച്ചു.
വിവിധ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്.എയർ ഇന്ത്യ നടത്താനിരുന്ന വിമാനസർവീസുകൾ റദ്ദാക്കിയതോടെ തിരികെ വരാൻ വഴിയില്ലാതായി.
എന്തിനും തയ്യാറായിരിക്കാനാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഭക്ഷണകാര്യത്തിൽ പ്രതിസന്ധി ഇല്ലെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ വഷളാകാം. നഗരത്തിലെ ഭക്ഷണശാലകൾക്കെല്ലാം പൂട്ടുവീണിട്ടുണ്ട്.
വീടുകളിൽ തുടരനാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. യാത്ര ചെയ്യാനും നിയന്ത്രണമുണ്ട്.
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ ഒരു വിവരവും അറിയാൻ സാധിക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.