
പാലോട്: കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോയിലെ മുഴുവൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയും നെടുമങ്ങാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവായത് പ്രതിഷേധത്തിനിടയായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഉത്തരവിറക്കിയത്. ജില്ലാ കോമൺ പൂളിലേക്ക് ജീവനക്കാരെ വിന്യസിക്കുന്നതിനായാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നു. മെക്കാനിക്കൽ വിഭാഗം നിറുത്തലാക്കിയതോടെ മലയോര മേഖലയിലുൾപ്പെടെ യാത്രാക്ലേശം രൂക്ഷമാകാനുള്ള സാദ്ധ്യത ഏറെയാണ്. ഓരോ ദിവസവും ബസിനുണ്ടാകുന്ന തകരാറുകൾ രാത്രി തന്നെ പരിഹരിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. എന്നാൽ മെക്കാനിക്കുകളുടെ അഭാവം ഉണ്ടായാൽ ബസുകൾ നെടുമങ്ങാട്ടേക്ക് കൊണ്ടുപോയി വേണം കേടുപാടുകൾ പരിഹരിക്കാൻ. പാലോട് ഡിപ്പോ അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് സ്ഥലംമാറ്റൽ നടപടി. എന്നാൽ പാലോട് ഡിപ്പോയ്ക്കായി ഡി.കെ. മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇരുനില ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നാണ്. പാലോട് നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര സർവീസുകൾ പലതും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തലാക്കിയിരുന്നു. ഈ സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കുറച്ചു ബസുകൾ പാലോട് ഡിപ്പോയിൽ നിന്ന് മാറ്റിയിട്ടുമുണ്ട്. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ഡിപ്പോ ഉപരോധിച്ചു. മെക്കാനിക്കൽ സ്റ്റാഫുകളെ പാലോട് നിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ ഡി. രഘുനാഥൻ, പി.എസ്. ബാജിലാൽ, സുധീർഷാ, കൊച്ചു കരിക്കകം നൗഷാദ്, പഞ്ചായത്ത് മെമ്പർമാരായ ഷെഹനാസ്, അരുൺ പാലോട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നടപടിക്ക് പിന്നിൽ ഡിപ്പോ തകർക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.