
കോവളത്തിന്റെ വികസനത്തിന് സർക്കാർ പുതിയ പാക്കേജ് തയ്യാറാക്കുകയാണ്. ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസ തീരം സന്ദർശിച്ചു. കൊവിഡാനന്തര കാലത്ത് കോവളത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതികളാണ് വിനോദസഞ്ചാരവകുപ്പ് തയ്യാറാക്കുന്നത്. ഈ പദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമാണെന്ന് നേരിട്ട് മനസിലാക്കാനും നാട്ടുകാരുടെ അഭിപ്രായം തേടാനുമാണ് കളക്ടർ വന്നത്. തീരത്തെ മാലിന്യനിർമ്മാർജ്ജനത്തിന് പ്രഥമ പരിഗണന നൽകേണ്ടിവരുമെന്ന് കളക്ടർക്ക് നേരിട്ട് ബോദ്ധ്യപ്പെടുകയും ചെയ്തു. കൂടാതെ റോഡ് സംവിധാനമടക്കം മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പ്രാഥമിക ധാരണയുമായാണ് കളക്ടർ മടങ്ങിയത്. എന്തായാലും കോവളത്തിന് പുതിയ മുഖം നൽകുന്ന രീതിയിൽ ടൂറിസം വകുപ്പ് പുതിയ പാക്കേജ് തയ്യാറാക്കണം.
കോവളം തീരത്തെ അർഹിക്കുന്ന തരത്തിൽ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ പദ്ധതികൾ നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഒരർത്ഥത്തിൽ കോവളത്തെ ആരും വളർത്തിയതല്ല സ്വയം വളർന്നതാണ്. 1930ൽ എത്തിയ ഒരു ചെറിയ യൂറോപ്യൻ സംഘമാണ് കോവളത്തിന്റെ മനോഹാരിതയിൽ വിസ്മയിച്ച് അതിന് വിദേശനാടുകളിൽ പ്രചാരം നൽകുന്നതിന് തുടക്കം കുറിച്ചത്. അന്നവിടെ എത്തിയ വിദേശികളെ സ്വീകരിച്ചത് നാട്ടുകാരായിരുന്നു. ഭാഷ അറിഞ്ഞുകൂടെങ്കിലും അവർ കപ്പയും മീൻകറിയും ചേമ്പും കാച്ചിലും ചിപ്പിയും പഴവുമൊക്കെ സഞ്ചാരികൾക്ക് നൽകി. ഈ സ്വീകരണം ആസ്വദിച്ച വിദേശികളെ തീരത്തിന്റെ ശാന്തതയും മനോഹാരിതയും മാത്രമല്ല നാട്ടുകാർ നൽകുന്ന സ്നേഹവും സുരക്ഷിതത്വവും വളരെയധികം ആകർഷിച്ചു. ഇവർ നൽകിയ പ്രചാരത്തിന്റെ ഭാഗമായാണ് കൂടുതൽ വിദേശികൾ കോവളത്തേക്ക് എത്തിത്തുടങ്ങിയത്. അന്നവിടെ ഒരു ഹോട്ടലും ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ കുടിലുകളിലാണ് ആദ്യകാലങ്ങളിൽ എത്തിയ വിദേശികൾ കഴിഞ്ഞത്. അങ്ങനെ വിദേശികൾ വരാൻ തുടങ്ങിയപ്പോൾ ഭാവിയിൽ ഈ സ്ഥലം ലോകടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്ന് തിരുവിതാംകൂർ രാജകുടുംബത്തിന് മനസിലായി. തുടർന്നാണ് കല്ലിൽ കൊട്ടാരം നിർമ്മിച്ചത്. ഭാവിയിൽ അതിന്റെ പേരിൽ കേസും വഴക്കും ഉണ്ടാക്കാനും സമരം നടത്താനുമൊക്കെ ചേർന്നുനിന്നതല്ലാതെ സംസ്ഥാന സർക്കാരിന്റെ സംഭാവന കോവളത്തിന്റെ വളർച്ചയ്ക്ക് വേണ്ടരീതിയിൽ ലഭിച്ചിട്ടില്ല.
ടൂറിസം എന്ന് കേൾക്കുന്നതിന് മുമ്പ് തന്നെ ലോകം മുഴുവൻ അറിയപ്പെട്ട ഒരു സ്ഥലമായി മാറിയ കോവളം മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ 75 വർഷത്തിനിടെ അവിടെ എന്തെല്ലാം മാറ്റങ്ങളും വികസനവും നടക്കുമായിരുന്നു എന്ന് ചിന്തിക്കണം. കോവളത്തെ പ്രകൃതിക്ക് ഇണങ്ങുംവിധം ഡിസൈൻ ചെയ്ത് സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും വളർത്താനും സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണം. എന്തെങ്കിലും കാട്ടിക്കൂട്ടി കമ്മിഷനടിക്കുന്ന പണിയല്ല കോവളത്തിന് വേണ്ടത്.